മലപ്പുറം:മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിച്ച ഒരാള്‍ കൂടി രോഗമുക്തനായി. കല്‍പകഞ്ചേരി കന്മനം തൂവ്വക്കാട് സ്വദേശിയായ 42 കാരനാണ് വിദഗ്ധ ചികിത്സക്കു ശേഷം വൈറസ്ബാധയില്‍ നിന്ന് മുക്തനായതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇയാള്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുകയാണ്. ആരോഗ്യാവസ്ഥ പൂര്‍ണമായും തൃപ്തികരമാവുന്ന മുറയ്ക്ക് വൈകാതെ ഇയാള്‍ വീട്ടിലേയ്ക്ക് മടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 13 ആയി. ഇതില്‍ ഒരാള്‍ രോഗമുക്തനായ ശേഷം പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം മരിച്ചു. ഇതുവരെ 11 പേരാണ് രോഗം ഭേദമായി ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയത്.
രോഗമുക്തി നേടിയ കന്മനം തൂവ്വക്കാട് സ്വദേശി നിലവില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലാണ്. ഐസൊലേഷനില്‍ ആറുപേര്‍ രോഗബാധിതരായി ചികിത്സയില്‍ തുടരുന്നുണ്ട്




