കോഴിക്കോട്: പന്തീരങ്കാവ് സ്വദേശി വിവേകാനന്ദന്റെ ഹൃദയം മലപ്പുറം പാങ്ങ് സ്വദേശി തസ്‌നീമിന് ദാനം ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ബൈക്കില്‍നിന്ന് ഇറങ്ങുന്നതിനിടെ തെന്നീവീണ് മസ്തിഷ്‌ക മരണം സംഭവിച്ച പന്തീരങ്കാവ് കൂടത്തുംപാറ സ്വദേശി വിവേകാനന്ദന്‍ ചുള്ളിയോട്ടി(58)ന്റെ ഹൃദയമാണ് ദാനം ചെയ്തത്.
തിങ്കളാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍നിന്ന് ഹൃദയം കോഴിക്കോട് മെട്രോ ആശുപത്രിയിലെത്തിച്ചത്. അവിടയാണ് തസ്‌നീം ചികിത്സയില്‍ കഴിയുന്നത്.
നാട്ടിലെ എല്ലാ ചടങ്ങുകളിലും, അത് കല്യാണമായാലും മരണമായാലും മുഖ്യകാര്‍മികനായി മുന്നിലുണ്ടാകുന്ന മുഖമാണ് വിവേകാനന്ദനെന്ന് നാട്ടുകാര്‍ ഓര്‍മിക്കുന്നു.
കളരിഗുരിക്കള്‍, കോല്‍ക്കളി ആശാന്‍, പാരമ്പര്യ വൈദ്യര്‍ തുടങ്ങിയ മേഖലയില്‍ തന്റേതായ മുദ്ര അദ്ദേഹം പതിപ്പിച്ചിട്ടുണ്ട്.
മെട്രോ ആശുപത്രിയിലെ ഡോ. നന്ദകുമാര്‍, ഡോ. കെ. ജലീല്‍, ഡോ. അശോക് കുമാര്‍, ഡോ. റിയാദ്, ഡോ. വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് അവയവദാന മാറ്റിവെക്കലിന് നേതൃത്വം നല്‍കിയത്. കണ്ണുകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ദാനം ചെയ്തിട്ടുണ്ട്.
ശാലീനയാണ് വിവേകാനന്ദന്റെ ഭാര്യ. മക്കള്‍: അഖില്‍ (വോള്‍വോ ടെക്‌നിഷന്‍, ബംഗളൂരു), അമൃതേഷ്.




