മലപ്പുറം: ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വെള്ളപൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത ഏറെയുള്ളതിനാല്‍ 2018, 2019 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കുവാന്‍ തയ്യാറാവണം. ഓരോ വില്ലേജിലെയും ആളുകള്‍ക്ക് സുരക്ഷിതമായ സ്ഥാനങ്ങള്‍ അതത് പ്രാദേശിക ഭരണകൂടങ്ങള്‍ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാന്‍ ശ്രമിക്കണം. സഹായങ്ങള്‍ വേണ്ടവര്‍ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടണം.കാലാവസ്ഥ പ്രവചനങ്ങള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുതുക്കുന്ന മുറയ്ക്ക് അലെര്‍ട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്.
എമെര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍
– ടോര്‍ച്ച്
– റേഡിയോ
– 500 മി.മിവെള്ളം
– ഒ.ആര്‍.എസ് പാക്കറ്റ്
– അത്യാവശ്യം വേണ്ട മരുന്ന്
– മുറിവിന് പുരട്ടാവുന്ന മരുന്ന്
– ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍
– 100 ഗ്രാം കപ്പലണ്ടി
– 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം
– ചെറിയ ഒരു കത്തി
– 10 ക്ലോറിനന്‍ ടാബ്ലെറ്റ്
– ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി
– ബാറ്ററിയും, കോള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍
– അത്യാവശ്യം കുറച്ച് പണം
പ്രധാനപ്പെട്ട രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളില്‍ എളുപ്പം എടുക്കാന്‍ പറ്റുന്ന ഉയര്‍ന്ന സ്ഥലത്തു വീട്ടില്‍ സൂക്ഷിക്കുക.
പൊതു നിര്‍ദേശങ്ങള്‍
– ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി സമയത്ത് (രാവിലെ ഏഴു മുല്‍ വൈകീട്ട് ഏഴുവരെ) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം.
– മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട.് ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്.
– മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
– സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്
– ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്
– പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കണം
– പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം.
– ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. – ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക.
– ജലം കെട്ടിടത്തിനുള്ളിലല്‍ പ്രവേശിച്ചാല്‍, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക
– വീട്ടില്‍ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.
– വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടില്‍ കയറിയാലും നശിക്കാത്ത തരത്തില്‍ ഉയരത്തില്‍ വെക്കുക.
– വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയില്‍ കെട്ടഴിച്ചു വിടുകയോ ചെയ്യുക. – വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യുക.
– താഴ്ന്ന പ്രദേശത്തെ ഫ്‌ളാറ്റുകളില്‍ ഉള്ളവര്‍ ഫ്‌ളാറ്റിന്റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക് ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക.
– രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ മാത്രം ദുരിതാശ്വാസ സഹായം നല്‍കുവാന്‍ പോകുക. മറ്റുള്ളവര്‍ അവര്‍ക്ക് പിന്തുണ കൊടുക്കുക.




