തിരുവനന്തപുരം: ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം അവാര്‍ഡ് നിര്‍ണയ സമിതിയുടെ നിര്‍ദേശപ്രകാരം പുനഃപരിശോധിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി അധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
ഈ വര്‍ഷത്തെ അവാര്‍ഡ് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനാണ് പ്രഖ്യാപിച്ചത്. എന്നാല്‍ വൈരമുത്തുവിനെതിരെ നിരവധി സ്ത്രീകള്‍ പീഡനപരാതികള്‍ ഉന്നയിച്ചിട്ടുള്ളതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് അവാര്‍ഡ് പുനഃപരിശോധിക്കാന്‍ കമ്മിറ്റി തീരുമാനിച്ചത്.
വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച ഗായികയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ചിന്മയി ശ്രീപദയും പുരസ്‌കാരം നല്‍കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. നടി റിമ കല്ലിങ്കലും പാര്‍വതിയുമടക്കമുള്ളവര്‍ വൈരമുത്തുവിന് അവാര്‍ഡ് നല്‍കാനുള്ള നീക്കത്തിനെ എതിര്‍ത്തു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് 17ഓളം സ്ത്രീകള്‍ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ടെന്ന് റിമ കല്ലിങ്കല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
എന്നാല്‍ വൈരമുത്തുവിനെ അവാര്‍ഡിന് പരിഗണിച്ചതില്‍ തെറ്റില്ലെന്നായിരുന്നു സംവിധായകനും ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം. ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം. എഴുത്തിന്റെ മികവ് പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്നും അല്ലെങ്കില്‍ പിന്നെ സ്വഭാവഗുണത്തിന് പ്രത്യേക അവാര്‍ഡ് കൊടുക്കണമെന്നും അടൂര്‍ പറഞ്ഞിരുന്നു.
വൈരമുത്തുവിന്റെ എഴുത്തുകള്‍ മികവുള്ളതായത് കൊണ്ടാണ് ജൂറി അദ്ദേഹത്തെ പരിഗണിച്ചത്. പിന്നെ അദ്ദേഹം ഇത്തരത്തിലുള്ള ആരോപണം നേരിടുന്ന വ്യക്തിയാണോ എന്ന് ജൂറിയ്ക്കു അറിയാമോ എന്ന് എനിക്കറിയില്ല. ഇനി അറിഞ്ഞാല്‍ തന്നെയും അദ്ദേഹത്തിന്റെ ക്യാരക്ടര്‍ നോക്കിയിട്ടല്ല അവാര്‍ഡ് നിശ്ചയിക്കേണ്ടത് എന്നാണ് വ്യക്തിപരമായ അഭിപ്രായം.
ഇത് ആരോപണം മാത്രമാണ്. അത് വെരിഫൈ ചെയ്ത് അയാള്‍ ആരോപണ മുക്തനാണോ ആരോപണ വിധേയനാണോ എന്ന് തീരുമാനിക്കാനുള്ള അധികാരമൊന്നും നമുക്കില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
അടൂരിന്റെ പ്രസ്താവനക്കെതിരെ എഴുത്തുകാരി കെ.ആര്‍ മീരയും രംഗത്തുവന്നിരുന്നു. ”ശ്രീ അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്താന്‍ ഞാന്‍ ആരുമല്ല. പക്ഷേ, സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ ‘സ്വഭാവഗുണമില്ലായ്മ’ അല്ല. മനുഷ്യത്വമില്ലായ്മയാണ്,’ മീര പറഞ്ഞു.



