ആയിരത്തിലൊരു നടന്‍ മാത്രമാണ് ഞാന്‍, ഞാന്‍ മരിച്ച് കഴിഞ്ഞാല്‍ എത്രനാള്‍ അവര്‍ എന്നെ ഓര്‍ക്കും : മമ്മൂട്ടി

മലയാളത്തിന്റെ അഭിമാനതാരമാണ് മമ്മൂട്ടി. 73-ാം വയസ്സിലും കരിയറില്‍ കലാമൂല്യമുള്ള ചിത്രങ്ങളും പരീക്ഷണ ചിത്രങ്ങളും ചെയ്യുന്നതിനൊപ്പം തന്നെ മാസ് ആക്ഷന്‍ സിനിമകളുടെയും ഭാഗമാവുന്നു. ഒന്നിനു പിറകെ ഒന്നെന്ന രീതിയില്‍ വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍ നല്‍കി കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് മമ്മൂട്ടി എന്ന നടന്‍.

മമ്മൂട്ടിയുടെ ഏറ്റവും പുതിയ അഭിമുഖങ്ങളില്‍ ഒന്നില്‍ നിന്നുള്ള ഒരു ക്ലിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഏറ്റവും പുതിയ സിനിമ ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലൂവന്‍സര്‍ ഖാലിദ് അല്‍ അമീറിയുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്. ഒരു ഘട്ടം കഴിഞ്ഞാല്‍ എല്ലാ നടീനടന്മാര്‍ക്കും സിനിമ മടുക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. മമ്മൂട്ടിക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി സംസാരിക്കവെയാണ് ഇക്കാര്യങ്ങളെല്ലാം താരം പറഞ്ഞത്. ലോകം എങ്ങനെ മമ്മൂട്ടിയെന്ന നടനെ ഓര്‍ക്കണം? എന്ന ചോദ്യത്തിനു വളരെ ചിന്തോദീപകവും വികാരനിര്‍ഭരവുമായ മറുപടിയാണ് മമ്മൂട്ടി നല്‍കിയത്.

അവതാരകന്‍: ‘ആളുകള്‍ വിചാരിക്കുന്നത് നടി- നടന്മാര്‍ എല്ലാം മടുക്കുന്നൊരു സാഹചര്യത്തിലെത്തും എന്നതാണ്. താങ്കള്‍ അങ്ങനെയൊരു സാഹചര്യത്തെ കുറിച്ച് ആലോചിക്കാറുണ്ടോ?’ മമ്മൂട്ടി: ‘ഇല്ല. എനിക്ക് സിനിമ മടുക്കാറില്ല. പക്ഷേ ആ മടുപ്പു എന്റെ അവസാന ശ്വാസത്തോടെയായിരിക്കും.’
അവതാരകന്‍: ‘ലാസ്റ്റ് ബ്രീത്ത് വരെ സിനിമ ചെയ്യുന്നു എന്ന് പറഞ്ഞല്ലോ. ലോകം എങ്ങനെ നിങ്ങളെ ഓര്‍ത്തിരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്?’
മമ്മൂട്ടി: ‘എത്ര നാള്‍ അവരെന്നെ ഓര്‍ക്കും… ഒരു വര്‍ഷം… 10 വര്‍ഷം…15 വര്‍ഷം? കഴിഞ്ഞു! ലോകാവസാനം വരെ മനുഷ്യര്‍ നമ്മളെ ഓര്‍ത്തിരിക്കണമെന്നു പ്രതീക്ഷിക്കരുത്. അങ്ങനെയൊരു അവസരം ആര്‍ക്കുമുണ്ടാവില്ല. മഹാരഥന്മാര്‍ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓര്‍മ്മിക്കപ്പെടാറുള്ളത്. ഞാന്‍ ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ്. അവര്‍ക്കെങ്ങനെ എന്നെ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഓര്‍ത്തിരിക്കാന്‍ സാധിക്കും. അതിലെനിയ്‌ക്കൊരു പ്രതീക്ഷയുമില്ല. ഒരിക്കല്‍ നിങ്ങളീ ലോകം വിട്ടുപോയാല്‍ നിങ്ങളിതിനെ കുറിച്ച് ബോധവാന്മാരാണോ? അത് സാധ്യമല്ലല്ലോ. എല്ലാവരും ചിന്തിക്കുന്നത് ലോകാവസാനം വരെ ഓര്‍മ്മിക്കപ്പെടണമെന്നാണ്. എന്നാല്‍ അങ്ങനെ നടക്കില്ല.’

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top