Section

malabari-logo-mobile

അതി ദാരിദ്ര്യ നിര്‍മ്മാജ്ജനത്തിലേക്ക് ഒരു ചുവട് കൂടി; ആദ്യഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

HIGHLIGHTS : One more step towards eradicating extreme poverty; The Chief Minister announced the completion of the first phase

തിരുവനന്തപുരം:അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് പ്രധാന ചുവടുവെപ്പുമായി കേരളം. അതി ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം കേരളീയം ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പദ്ധതിയുടെ തത്സ്ഥിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ് ചടങ്ങില്‍ കൈമാറി.

കേരള വികസന മാതൃകയുടെ മറ്റൊരു ദൃഷ്ടാന്തമാണ് അതി ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനത്തിലൂടെ ലോകത്തിന് മുമ്പാകെ ഉയര്‍ത്തിക്കാട്ടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. നിതി ആയോഗിന്റെ 2021 ലെ മള്‍ട്ടി ഡയമന്‍ഷനല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ് പ്രകാരം 0.7 ശതമാനം മാത്രമായിരുന്നു കേരളത്തിലെ ദാരിദ്ര്യത്തിന്റെ തോത് വളരെ ചുരുങ്ങിയ അളവായിട്ടും വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്ലാ വ്യക്തികളിലേക്കും എത്തിച്ചേരാനാണ് 2021 മേയ് മാസത്തില്‍ അതി ദാരിദ്ര്യം സംസ്ഥാനത്ത് നിന്നു തുടച്ചുനീക്കാനുള്ള ബൃഹദ് പദ്ധതിക്ക് കേരളം തുടക്കമിട്ടത്. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത പദ്ധതിയാണ് കേരളം വിഭാവനം ചെയ്തത്.

sameeksha-malabarinews

64,006 കുടുംബങ്ങളില്‍പ്പെട്ട 1,030,99 പേരെയാണ് അതി ദാരിദ്ര്യം അനുഭവിക്കുന്നവരായി നാം സര്‍വേ വഴി കണ്ടെത്തിയത്. ഇവരെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന് തദ്ദേശസ്ഥാപന തലത്തില്‍ മൈക്രോ പ്ലാനുകളും ഉപ പദ്ധതികളും തയാറാക്കി. ഭക്ഷണവും ചികിത്സയും അടിയന്തരമായി ലഭ്യമാകാനാണ് പ്രഥമപരിഗണന നല്‍കിയത്. അതിനു പുറമേ അവകാശ രേഖകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ എന്നിവയും ലഭ്യമാക്കി. അതിദരിദ്രരെന്ന് കണ്ടെത്തിയവരില്‍ 40 ശതമാനം പേരെ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ 2023 നവംബര്‍ ഒന്നോടെ ഈയവസ്ഥയില്‍ നിന്ന് മോചിപ്പിക്കണമെന്ന ലക്ഷ്യം മറികടക്കാന്‍ നമുക്കായി.

പട്ടികയിലെ 64 ,006 കുടുംബങ്ങളില്‍ 30,658 കുടുംബങ്ങളെ (47.89 ശതമാനം) ഇതിനകം അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 2024  നവംബര്‍ ഒന്നോടെ 90 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. 2025 നവംബര്‍ ഒന്നോടെ  അതിദാരിദ്ര്യം സമ്പൂര്‍ണമായി തുടച്ചുനീക്കിയ സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!