Section

malabari-logo-mobile

ലോകകപ്പിനെ വരവേല്‍ക്കാന്‍ വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്‍ നവംബര്‍ 20,21 തിയതികളില്‍

HIGHLIGHTS : One Million Goal Campaign to welcome the World Cup on November 20 and 21

സംസ്ഥാനത്ത് പുതിയ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 2022 നവംബര്‍ 20ന് ഖത്തറില്‍ ആരംഭിക്കുന്ന ലോകകപ്പിനു മുന്നോടിയായി സംസ്ഥാനത്താകെ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പയിന്റെ ഭാഗമായി അടിസ്ഥാന ഫുട്ബോള്‍ പരിശീലനം നല്‍കും. ആയിരം കേന്ദ്രങ്ങളിലായി 10നും 12നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പത്ത് ദിവസത്തെ ഫുട്ബോള്‍ പരിശീലനമാണ് വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്റെ ഭാഗമായി നല്‍കുകയെന്ന് മന്ത്രി അറിയിച്ചു.

നവംബര്‍ 11 മുതല്‍ 20വരെയാണ് അടിസ്ഥാന ഫുട്ബോള്‍ പരിശീലന പരിപാടി. പ്രത്യേകം തയാറാക്കിയ പരിശീലന പാഠക്രമം അനുസരിച്ച് ദിവസവും ഓരോ മണിക്കൂര്‍ വീതമാണ് പരിശീലനം. ഓരോ കേന്ദ്രത്തിലും 100 കുട്ടികള്‍ വീതം 1000 കേന്ദ്രങ്ങളില്‍ നിന്നായി ഒരു ലക്ഷം കുട്ടികള്‍ക്കാണ് 10 ദിവസങ്ങളിലായി പരിശീലനം നല്‍കുന്നത്. സംസ്ഥാനത്തെ 5 ലക്ഷം കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുന്നതിന് ”ഗോള്‍” എന്നപേരില്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

sameeksha-malabarinews

ഖത്തറില്‍ ലോക ഫുട്ബോള്‍ മാമാങ്കത്തിനു തുടക്കമാകുമ്പോള്‍ അതിന്റെ ആവേശം ഏറ്റെടുത്ത് കേരളത്തിലെ 1000 പരിശീലന കേന്ദ്രങ്ങളില്‍ 1000 ഗോള്‍ വീതവും സംസ്ഥാനത്തൊട്ടാകെ 10 ലക്ഷം ഗോളുകളും സ്‌കോര്‍ ചെയ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. നവംബര്‍ 20 നും 21 നുമായി ക്യാമ്പയിന്റെ ഭാഗമായുള്ള ഓരോ പരിശീലന കേന്ദ്രത്തിലും പ്രത്യേകം സജ്ജമാക്കിയ ഗോള്‍ പോസ്റ്റുകളില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികളും കായിക പ്രേമികളും പൊതു സമൂഹവും ചേര്‍ന്നാണ് ഗോളുകള്‍ അടിക്കുക. 20ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറുവരെ പൊതുജനങ്ങള്‍ക്കും 21ന് രാവിലെ ഒന്‍പതു മുതല്‍ 12വരെ സ്‌കൂള്‍കുട്ടികള്‍ക്കുമാണ് ഗോളടിക്കാന്‍ അവസരമൊരുക്കുന്നത്.

എല്ലാ വിഭാഗം ജനങ്ങളിലും ലോകകപ്പ് സന്ദേശം എത്തിക്കുക, ഫുട്ബോളില്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് ഹ്രസ്വകാല അടിസ്ഥാന പരിശീലനം നല്‍കുക, മികവു പുലര്‍ത്തുന്നവര്‍ക്ക് തുടര്‍ന്ന് വിദഗ്ധ പരിശീലനം ലഭ്യമാക്കുക, സ്പോര്‍ട്സ് കൗണ്‍സില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ കായിക വികസന സംഘടനകള്‍, യൂത്ത് ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ പുതിയ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ആരോഗ്യവും മികച്ച കായിക ക്ഷമതയുമുള്ള തലമുറയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ലഹരി വിരുദ്ധ ക്യാമ്പയിനും ഇതോടൊപ്പം പ്രചാരണം നല്‍കും.

പദ്ധതിയുടെ നിര്‍വ്വഹണച്ചുമതല അതാത് സ്പോര്‍ട്സ് കൗണ്‍സില്‍/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും. ജില്ലാതല ഏകോപനം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനും, സംസ്ഥാന തല ഏകോപനം കായികയുവജനകാര്യ ഡയറക്ടറ്റേറ്റും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും നിര്‍വഹിക്കും. 1000 സെന്ററുകള്‍ക്കു പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ കായിക അക്കാദമികള്‍, കായിക ക്ലബ്ബുകള്‍, വിദ്യാലയങ്ങള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ തുടങ്ങിയ കൂട്ടായ്മകളുടെ സഹകരണത്തോടെ അധിക പരിശീലന കേന്ദ്രങ്ങളെ ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തും. ഓരോ ജില്ലയിലും 72 ഓളം പരിശീലന കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നത്. കേന്ദ്രങ്ങളിലേക്ക് പരിശീലനത്തിനാവശ്യമയായ ഫുട്ബോളുകള്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ മുഖേന വിതരണം ചെയ്യും. ഓരോ കേന്ദ്രങ്ങളിലേക്കും വേണ്ട പരിശീലകരെ തദ്ദേശീയമായിത്തന്നെ കണ്ടെത്തും. ഓരോ ജില്ലയിലും തെരഞ്ഞെടുത്തിട്ടുളള വണ്‍ മില്യണ്‍ ഗോള്‍ അംബാസിഡര്‍മാരായി മുന്‍ സന്തോഷ് ട്രോഫി താരങ്ങള്‍ ക്യാമ്പയിന്റെ പ്രചാരണ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!