ജയിലിലേക്ക് ‘പെട്ടിയടിച്ച്’ കഞ്ചാവ് കടത്താന്‍ ശ്രമം ഒരാള്‍ പരപ്പനങ്ങാടിയില്‍ എക്‌സൈസ് പിടിയില്‍

കഞ്ചാവെത്തിച്ചത് താനൂര്‍ ഇസഹാഖ് വധക്കേസിലെ പ്രതിക്ക് നല്‍കാന്‍

പരപ്പനങ്ങാടി: ജയലിനുള്ളിലേക്ക് കഞ്ചാവെത്തിക്കാന്‍ ശ്രമിച്ച യുവാവ് എക്‌സൈസ് പിടിയില്‍. പരപ്പനങ്ങാടി പുത്തരിക്കല്‍ ഭാഗത്ത് നിന്നാണ് നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ തിരൂര്‍ പരിയാപുരം വില്ലേജില്‍ കോപ്പിന്റെ പുരയ്ക്കല്‍ ഉദൈഫ് (22) നെ പിടികൂടിയത്. ഇയാളില്‍ നിന്നും അമ്പത് ഗ്രാം കഞ്ചാവും ബീഡികളുമാണ് കണ്ടെത്തിയത്

ഇയാളില്‍ നിന്നും കണ്ടെത്തിയ കഞ്ചാവ് പ്രത്യേക രീതിയില്‍ പ്ലാസറ്റിക് കവറില്‍ ഇന്‍സുലേഷന്‍ ടാപ്പ് പെതിഞ്ഞ് സൂക്ഷിച്ചത് കണ്ട് സംശയം തോന്നിയ എക്‌സൈസ് സംഘം കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ കഞ്ചാവ് ജയിലിലേക്ക് കടത്താന്‍ തയ്യാറാക്കിയതാണെന്ന് തിരിച്ചറിഞ്ഞത്.

ഇത്തരത്തില്‍ ചിലര്‍ കഞ്ചാവ് ഇന്‍സുലേഷന്‍ ടാപ്പ് വെച്ച് പൊതിഞ്ഞ് വളരെ ചെറിയ പൊതിയാക്കി മലദ്വാരത്തില്‍ കയറ്റി ജയിലിലെത്തിക്കുന്ന രീതിയുണ്ട്. ഇതിന് കഞ്ചാവ് കച്ചവടക്കാര്‍ക്കിടയില്‍ പെട്ടിയടിക്കുക എന്നാണ് കോഡ് ഭാഷ.
ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന താനൂര്‍ അഞ്ചുടി കൊലപാതക കേസിലെ പ്രതികളിലൊരാള്‍ക്ക് കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് കൈമാറുന്നതിനും പെട്ടിയടിച്ച് കടത്താനുമാണ് കഞ്ചാവുമായി എത്തിയതെന്ന് ഉദൈഫ് ചോദ്യം ചെയ്യലില്‍ പറഞ്ഞത്.

പ്രതിയെ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിഎല്‍ ജോസ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എസ്. സുര്‍ജിത്, ടി. പ്രജോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദിലീപ് കുമാര്‍, മുഹമ്മദ് സാഹില്‍, സമേഷ്, ചന്ദ്രമോഹന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.