Section

malabari-logo-mobile

തീരസംരക്ഷണത്തിന് ഒന്‍പത് ജില്ലകള്‍ക്ക് ഒരു കോടി രൂപ വീതം;എറണാകുളത്തിന് രണ്ടു കോടി

HIGHLIGHTS : One crore each for nine districts for coastal protection; two crore for Ernakulam

തിരുവനന്തപുരം:തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ഒന്‍പത് തീര ജില്ലകള്‍ക്ക് ഒരു കോടി രൂപ വീതവും ചെല്ലാനത്തെ പ്രത്യേക അവസ്ഥ പരിഗണിച്ച് എറണാകുളത്തിന് രണ്ടു കോടി രൂപയും അനുവദിക്കാന്‍ നടപടിയായതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കടല്‍ത്തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേയ് ആദ്യ വാരം തന്നെ ഒന്‍പത് കടല്‍ത്തീര ജില്ലകള്‍ക്ക് ചീഫ് എന്‍ജിനിയര്‍ തനതു ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. എറണാകുളം ജില്ലയ്ക്ക് 30 ലക്ഷം രൂപ അധികമായും നല്‍കി. ഇതിനു പുറമെ സംസ്ഥാനത്തെ 25 എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ക്ക് വെള്ളപ്പൊക്ക നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായ ഭാഗത്ത് ജിയോബാഗ് സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ജിയോ ട്യൂബുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തടസം നീക്കിയിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കുന്നതിന് സംസ്ഥാനത്തെ തോടുകള്‍, മറ്റ് നീരൊഴുക്കുകള്‍ എന്നിവയിലെ തടസം നീക്കാന്‍ ജലസേചന വകുപ്പ് അടിയന്തര പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

sameeksha-malabarinews

മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, എ. രാജീവ്, ആന്റണി രാജു, സജി ചെറിയാന്‍ എന്നിവര്‍ സംയുക്തമായി അവലോകന യോഗം നടത്തിയിരുന്നു. ജലസേചന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച നടന്നിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!