കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്നു; മുത്തശ്ശിയുടെ കാമുകന്‍ അറസ്റ്റില്‍

കൊച്ചി: നഗരത്തിലെ ഹോട്ടലില്‍വെച്ച് ഒന്നരവയസ്സുകാരി മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ മുത്തശ്ശിയുടെ കാമുകനായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍മുറിയില്‍ വെച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിലിട്ട് മുക്കിക്കൊന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍.

ശനിയാഴ്ചയാണ് കുഞ്ഞിന്റെ മുത്തശ്ശിയും കാമുകനും കലൂരിലെ ഹോട്ടലില്‍ മുറിയെടുത്ത്. ഇവര്‍ക്കൊപ്പം മറ്റൊരു കുഞ്ഞും ഉണ്ടായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മുറിയെടുത്ത സ്ത്രീ റിസപ്ഷനിലേക്ക് വന്ന് കുഞ്ഞിന് സുഖമില്ലെന്നും ശ്വാസം കിട്ടുന്നില്ലെന്നും ജീവനക്കാരോട് പറഞ്ഞു. ഉടന്‍തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നാലെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജോണ്‍ ബിനോയിയും റിസപ്ഷനിലെത്തി. ഇയാളും ആശുപത്രിയിലേക്ക് പോയി. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.

സംഭവത്തില്‍ സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ സംഭവം കൊലപാതകമാണെന്ന സംശയമുണര്‍ന്നു. തുടര്‍ന്ന് ജോണ്‍ ബിനോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

ഹോട്ടലില്‍ മുറിയെടുത്ത സ്ത്രീയുടെ മകന്റെ കുഞ്ഞാണ് മരിച്ച ഒന്നരവയസ്സുകാരി. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. സ്ത്രീയുടെ മകന്‍ പരിക്കേറ്റ് ചികിത്സയിലുമാണ്. മകന്റെ രണ്ടുകുഞ്ഞുങ്ങളെയും മുത്തശ്ശിയായ സ്ത്രീയാണ് പരിചരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top