ഓണം ഖാദി മേളയ്ക്ക് തുടക്കം, 25000 ത്തിലധികം ഖാദി ഉത്പന്നങ്ങള്‍ കെ.എസ്.എഫ്.ഇ സമ്മാനമായി നല്‍കുന്നത് മാതൃകാപരം: മുഖ്യമന്ത്രി

കെ എസ് എഫ് ഇ നടത്തുന്ന ഗ്യാലക്സി ചിട്ടികളുടെ ശാഖാതല സമ്മാനങ്ങളായി ഓരോ ചിട്ടിയിലും പത്തില്‍ ഒരാള്‍ക്ക് 3,500 രൂപ വിലവരുന്ന ഖാദി വസ്ത്രങ്ങള്‍ നല്‍കുന്നത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ എസ് എഫ് ഇ ഗാലക്‌സി ചിട്ടികളുടെ ശാഖാതല ഓണക്കോടി സമ്മാന വിതരണവും ഓണം ഖാദി മേളയുടെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

25,000 ത്തിലധികം ഖാദി വസ്ത്രങ്ങളാണ് ഇതിലൂടെ വിതരണം ചെയ്യപ്പെടുന്നത്. മലയാളിയുടെ നിത്യജീവിതവുമായി ഇഴചേര്‍ന്നു കിടക്കുന്ന ഒരു സ്ഥാപനമാണ് കെ എസ് എഫ് ഇ. ഏത് സാമ്പത്തിക ആവശ്യത്തിനും ആശ്രയിക്കാവുന്ന സ്ഥാപനം ഏത് എന്ന് ചോദിച്ചാല്‍ ചുരുക്കം ചില പേരുകള്‍ മാത്രമേ നമുക്ക് ഓര്‍മ്മ വരികയുള്ളൂ. അതിലൊന്നാണ് കെ എസ് എഫ് ഇ. ഈ ഓണക്കാലത്ത് ഖാദി ബോര്‍ഡുമായി ചേര്‍ന്ന് ഇത്തരമൊരു സംരംഭത്തിന് കെ എസ് എഫ് ഇ മുന്‍കൈയെടുത്തുവെന്നത് ശ്രദ്ധേയമാണ്. തീര്‍ച്ചയായും ഖാദിമേഖലയ്ക്കാകെ ഉണര്‍വ്വ് പകരുന്നതാവും ഈ ഇടപെടലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓണം ഖാദിമേളയുടെ ഭാഗമായി ഓണക്കാലത്ത് 30 ശതമാനം വരെ വിലക്കിഴിവില്‍ ഖാദി വസ്ത്രങ്ങള്‍ ഖാദി ബോര്‍ഡിന്റെയും അംഗീകൃത ഖാദി സ്ഥാപനങ്ങളുടെയും ഷോറൂമുകളില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. ഖാദി ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്ന സമ്മാന കൂപ്പണുകള്‍ ഉപയോഗിച്ച് ഖാദി വസ്ത്രങ്ങള്‍ വാങ്ങാനാകും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബാങ്ക്, പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് വ്യവസ്ഥയില്‍ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങള്‍ വാങ്ങുവാന്‍ കഴിയും.

ഒരു വ്യാവസായിക ഉത്പന്നം എന്നതിലുപരി ഖാദിക്ക് സാംസ്‌കാരികവും രാഷ്ട്രീയവുമായ വലിയ പ്രാധാന്യം കൂടിയുണ്ട്. ‘നമ്മള്‍ നൂറ്റ നൂലുകൊണ്ട് നമ്മള്‍ നെയ്ത വസ്ത്രംകൊണ്ട്, നിര്‍മ്മിതം ഇത് അനീതിക്കൊരന്ത്യാവരണം’ എന്നാണ് അന്ന് മലയാളി പാടിയത്. അതുകൊണ്ടുതന്നെ നമ്മുടെ സംസ്‌കാരവുമായും ചരിത്രവുമായും ഒക്കെ ഇഴപിരിയാത്ത ബന്ധം ഖാദിക്കുണ്ട്. വൈദേശികാധിപത്യത്തില്‍ നിന്നു മോചനം നേടാനായി നമ്മുടെ നാട് നടത്തിയ സമരങ്ങളില്‍ ഒരായുധമായി പ്രയോഗിക്കപ്പെട്ട ഉത്പന്നമാണ് ഖാദി. കേരളത്തിലെ ഖാദി തൊഴിലാളികള്‍ക്ക് ഉത്പാദന ഇന്‍സെന്റീവും ഇന്‍കം സപ്പോര്‍ട്ടും സംസ്ഥാന നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ഇത്തരത്തില്‍ സഹായം നല്‍കുന്ന മറ്റൊരു സംസ്ഥാനവും ഇല്ല. ഖാദിതൊഴിലാളികള്‍ക്കുള്ള ഒരു ക്ഷേമനിധി ബോര്‍ഡും കേരളം രൂപീകരിച്ചിട്ടുണ്ട്. ഇതൊക്കെ ഖാദിതൊഴിലാളികളുടെ ക്ഷേമത്തിനായി നടത്തുന്ന ഇടപെടലുകളാണ്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 130 കോടി രൂപയാണ് ഖാദിവ്യവസായത്തിന്റെ ഉന്നമനത്തിനായി ചിലവഴിച്ചത്. ഖാദി നൂല്‍പ്പ്, നെയ്ത്ത് ഉപകരണങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട് നിരവധി നടപടി സ്വീകരിച്ചുവരുന്നു. ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും യന്ത്രവല്‍ക്കരണത്തിനും സൗരോര്‍ജം ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ഖാദി ബോര്‍ഡിന്റെ കീഴിലുള്ള സഹകരണ സംഘങ്ങളെ പുനരുദ്ധരിപ്പിക്കുന്നതിന്റെ ഭാഗമായി 48 സംഘങ്ങളില്‍ ഭരണസമിതി രൂപീകരിച്ചു. 93 സംഘങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. സംരംഭകത്വ വികസന പദ്ധതികളുടെ ഭാഗമായി 2,214 ഖാദി യൂണിറ്റുകള്‍ ആരംഭിച്ചു. ഇതുവഴി 12,000 ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

നമ്മുടെ നാടിന് അനുയോജ്യമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിച്ചുകൊണ്ടാണ് ഈ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പരമ്പരാഗത വ്യവസായങ്ങള്‍ മുന്നേറണമെങ്കില്‍ നവീനമായ കാഴ്ചപ്പാടോടെയുള്ള ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. സര്‍ക്കാര്‍ തലത്തിലെ ഇടപെടലുകള്‍ക്കൊപ്പം ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂട്ടായ സഹകരണത്തിലൂടെ മാത്രമേ മുന്നേറാനാകൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ദുരന്ത ബാധിതര്‍ക്കായി ഖാദി ബോര്‍ഡിന്റെ 10 ലക്ഷം രൂപയുടെ ചെക്ക് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ മുഖ്യമന്ത്രിക്ക് കൈമാറി. വിവിധ ഖാദി സംഘടനകളും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന മുഖ്യമന്ത്രിയ്ക്ക് കൈമാറി.

ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍, വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍, കെ എസ് എഫ് ഇ മാനേജിംഗ് ഡയറക്ടര്‍ ഡോ.സനില്‍ എസ് കെ, ഖാദി ബോര്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സി സുധാകരന്‍,എസ് അരുണ്‍ ബോസ്, എസ് സുശീലന്‍ എസ് വിനോദ്, ടി ബൈജു, ബി എസ് രാജീവ് എന്നിവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top