Section

malabari-logo-mobile

അനുരാഗപ്പൂക്കള്‍ കളമിട്ടകാലം

HIGHLIGHTS : പരമ്പരാഗത മുസ്ലിം കുടുംബത്തില്‍ ജനിച്ച് വളര്‍ന്നതുകൊണ്ട് ഓണം പണ്ടേ 'ഹിന്ദുക്കളുടെ' ആഘോഷമായിരുന്നു. പിന്നൊരു വലിയ സന്തോഷം പത്തുദിവസത്തെ ഓണപ്പൂട്ടാണ്...

പരമ്പരാഗത മുസ്ലിം കുടുംബത്തില്‍ ജനിച്ച് വളര്‍ന്നതുകൊണ്ട് ഓണം പണ്ടേ ‘ഹിന്ദുക്കളുടെ’ ആഘോഷമായിരുന്നു. പിന്നൊരു വലിയ സന്തോഷം പത്തുദിവസത്തെ ഓണപ്പൂട്ടാണ്. അതുകൊണ്ട് ഓണം മറ്റൊരു തരത്തില്‍ എനിക്കും ആഘോഷം തന്നെയായിരുന്നു. എന്നിട്ടും ഓര്‍മ്മയുടെ നടവരമ്പത്ത് നിറയെ നീലിമയാര്‍ന്ന കാക്കപ്പൂ വിരിഞ്ഞ ഒരു ബാല്യമുണ്ട്.

സ്‌കൂള്‍ വിട്ട് നടക്കുന്ന വഴിയില്‍, പിന്നെ പടിഞ്ഞാറെ തൊടിയിലുമെല്ലാം രമയും നിര്‍മലയും ശ്യാമളേച്ചിയുമൊക്കെ കളമിടാന്‍ പൂ ശേഖരിക്കുന്ന കൂടയിലേക്ക് ഒരു കുമ്പിള്‍ പൂനുള്ളി പ്രിയത്തോടെ കൊടുക്കുമ്പോള്‍ ഓണമെന്തേ എനിക്കില്ലാതെ പോയതെന്ന് നിരാശനായി ഒറ്റക്ക് നടന്നകന്ന അത്തനാളുകള്‍ ഏറെയുണ്ട്.

sameeksha-malabarinews

എപ്പോഴോ, കവിതയും കഥയുമെല്ലാം വായിച്ചും രസിച്ചും ഉള്ളില്‍ തുടികൊട്ടുന്ന കാലത്തെപ്പെഴോ ഓണം, കതിരൊളി വീശി നടന്നുവരുന്ന പ്രകൃതിയുടെ രോമാഞ്ചങ്ങളില്‍ നിന്ന് താനേ അതിലേക്ക് വഴുതിപ്പോയ മനസ്സിനെ ഒരിക്കലും പിടിച്ചുകെട്ടാന്‍ മിനക്കെട്ടതേയില്ല. അങ്ങനെയങ്ങനെ പ്രകൃതിയോടൊപ്പം ഓണം കൊള്ളാന്‍ തുടി കൊള്ളുന്ന മനസ്സായി എന്റേതും. അന്നുതൊട്ട് അത്തക്കളത്തിന് ആണ്‍കുട്ടിയായി, പൂ ശേഖരിച്ചും കളം വരച്ചും തുടങ്ങി. പിന്നെ മുതിര്‍ന്നപ്പോഴും അതൊരു വേണ്ടായ്ക ആയതുമില്ല.

കള്ളവും ചതിയുമില്ലാത്ത മാവേലി നാടിനെ കുറിച്ച് പാടിപ്പതിഞ്ഞ പാട്ടിന്റെ ഈണം ആ നല്ല നാളിന്റെ ഓര്‍മകളെ താലോലിക്കാന്‍ എന്നെയും പ്രേരിപ്പിച്ചിട്ടുണ്ടാകും. സമത്വാധിഷ്ഠിത തത്വശാസ്ത്രം തലക്ക് പിടിച്ചപ്പോഴും ഐതിഹ്യത്തിന്റെ അനുബന്ധത്തില്‍ ഓണത്തെ തള്ളാനല്ല, കൊള്ളാനാണ് തോന്നിച്ചത്. വാമനനോടല്ല, മാവേലിയോടു തന്നെയായിരുന്നു സ്‌നേഹം. അതുകൊണ്ട് തൃക്കാക്കരയപ്പനോട് വല്ലാത്ത വിയോജിപ്പാണ് എന്നും.

വര്‍ഷാവര്‍ഷം വിദ്യാലയത്തില്‍ ഓണാഘോഷം മുറതെറ്റാതെ സംഘടിപ്പിക്കുമ്പോള്‍ പൂപ്പൊലിപ്പാട്ടും പൂക്കളവുമൊക്കെയായി ഓണം ഒഴിയാതെ നിറഞ്ഞുള്ളില്‍. അതങ്ങനെ ജീവിതത്തിന്റെ വര്‍ണശബളിമയായി തീര്‍ന്നു. ഓണക്കാലത്തിന് പൂക്കളുടെ ഒറ്റയും കൂട്ടായുമുള്ള സുഗന്ധവും കസവു ചുറ്റിയ തരുണികളുടെ സൗന്ദര്യവുമാണ്.
അപ്പോഴൊന്നുമായിരിക്കില്ല ഓണം ഹൃദയത്തിന്റെ നിറവുത്സവമായിത്തീര്‍ന്നത്. അത് ചിലപ്പോള്‍ പുളിയിലക്കരചുറ്റി, ചന്ദനക്കുറിയണിഞ്ഞ്, നിലാവ് പോലെ പുഞ്ചിരിതൂകി വരുന്ന, അവളോട് ഉള്ളിന്റെ ഉള്ളില്‍ പറയാത്തൊരനുരാഗം പൂവിട്ട നാളിലുമായിരിക്കാം.
ആയിടെയാണ് തരംഗിണിയുടെ ‘ആവണിപ്പൂക്കള്‍’ എന്ന ഓണപ്പാട്ടുകളുടെ കാസറ്റ് റിലീസാകുന്നത്. നിറയെ ഓണവിരഹവും ഓണത്തിന്റെ മാത്രമായ അനുപമമായ അനവദ്യലാവണ്യങ്ങളും മുക്കിപ്പിഴിഞ്ഞ കാവ്യരാഗങ്ങള്‍ യേശുദാസും ചിത്രയും മതിമറന്നു പാടുമ്പോള്‍ ഉള്ളില്‍ ഓണം നിറവും നിലാവും നോവുമായി നിറഞ്ഞാടി. ഉത്രാട സന്ധ്യയില്‍ ആഹ്ലാദിച്ച് നില്‍ക്കുന്ന ‘ഹിന്ദു’ കുട്ടികളോട് അസൂയയോടെ നിരാശയുടെ പരപ്പില്‍ എവിടെയോ ഒറ്റക്ക് നോക്കി നിന്ന, നടന്നുതീര്‍ത്ത ബാല്യത്തിന്റെ പ്രാണവേദനയും പ്രണയം ചിതറിയ ഭ്രമത്തിന്റെ വിരഹാശ്ലേഷങ്ങളുമൊക്കെ ആ ഓണപ്പാട്ടുകള്‍ പ്രാണനിലേക്ക് കോരിപ്പകര്‍ന്നു. ആത്മാവിന്റെ അങ്ങേതലക്കല്‍ ജീവന്റെ ഏതോ ഹരിത ഋതുവില്‍ പൂപാറ്റി നില്‍ക്കുന്ന പുളകിത കാലത്തിന്റെ ഗൃഹാതുരത സുഖസ്മൃതികളായ് പെയ്തുകൊണ്ടേയിരിക്കുന്നു.

ഒരിക്കല്‍ എന്നുകാണുമെന്നറിയാതെ പിരിഞ്ഞുപോയ, പ്രാണന്റെ ഗ്രീഷ്മ കാലത്തിലെ ഓണാവധിക്ക് അവളെഴുതിയ കത്തിന്റെ അവസാനം ഡബിള്‍ ഇന്‍വെട്ടര്‍ കോമയില്‍ ‘പോയ പൊന്നോണം നാള്‍ തന്ന സമ്മാനങ്ങള്‍ ഓരോന്നുമോര്‍ത്തു ഞാന്‍ മൂകം’ എന്നെഴുതി നിറഞ്ഞ കണ്ണിന്റെ അത്ര രമ്യമല്ലാത്ത ഒരു ചിത്രവും വരച്ചിരുന്നു. ‘പ്രാണനെ വിരഹം എന്നിലും തോരാതെ പെയ്യുന്നു’ എന്ന് രണ്ടുവാക്ക് പോലും മറുകുറി എഴുതാന്‍ അനുവാദമില്ലാത്ത ആ കാലത്തിന്റെ വിദൂര ഭൂഖണ്ഡത്തില്‍ ഒറ്റക്ക് വിങ്ങിവീര്‍ത്ത മനസ്സുമായി നിന്നതും ഒരോണം. പ്രാണനൊമ്പരത്തോടെ പ്രണയം തന്നെ ഓണമെന്ന് അനുഭവിക്കുന്ന ആ ഉത്രാടം തീരുന്ന സായാഹ്നത്തില്‍ ‘ഇതാ എല്ലാം തീര്‍ന്നുവെന്ന്’ സങ്കടച്ചിങ്ങം മനസ്സില്‍ ചാറവെ ബസ്സ്റ്റാന്റിനടുത്തുള്ള ‘തംബുരു കാസറ്റ്‌സ്’ ഷോപ്പില്‍ നിന്ന് ഒരു സ്ത്രീ സ്വരം,
‘എത്ര വിളിച്ചാലും നിദ്ര വന്നീടാത്ത ഉത്രാട യാമിനീ യാമങ്ങളില്‍
പോയ പൊന്നോണം നാള്‍ തന്ന സമ്മാനങ്ങള്‍ ഓരോന്നുമോര്‍ത്തു ഞാന്‍ മൂകം’- എന്ന് വിഷാദാര്‍ദ്രമായി പാടുന്നു.

ഒന്നുകൂടെ ആ പാട്ട് വെക്കുവാന്‍ അപേക്ഷിച്ചു നില്‍ക്കുമ്പോള്‍ മറ്റാര്‍ക്കും ഒരോണപ്പാട്ടിനപ്പുറം ഒന്നുമല്ലാത്ത ആ വരികള്‍ ഞാന്‍ കേട്ടത് ചിത്രയുടെ ശബ്ദത്തിലായിരുന്നില്ല. നിറഞ്ഞ കണ്ണുകള്‍ അന്നേരം ചിത്രത്തിലുമായിരുന്നില്ല. കണ്ണിന്റെ കര്‍ക്കിടകം ആരും കാണാതിരിക്കാന്‍ ഹൃദയമടക്കിപ്പിടിച്ചതും ഒരോണം.
പൂക്കള മത്സരത്തിന്റന്ന് കല്യാണ രൂപിണിയായി കസവു ചുറ്റിയ അവളും അവളുടെ കളമെഴുതുന്ന കരവിരുതും കണ്‍കുളിര്‍പ്പിച്ച് സര്‍വ്വം മറന്ന് നില്‍ക്കുമ്പോള്‍ ഉച്ചവെയിലില്‍ തോട്ടുവെള്ളത്തില്‍ ഒളിയുന്ന പരല്‍മീനിന്റെ തെളിപോലെ എന്നിലേക്ക് പാറിവീണ ആ കണ്ണേറ് കൊണ്ട് ആര്‍ദ്രവിലോലനായി ‘ഈ കാഴ്ച തന്നെയൊരോണം’ എന്ന് പ്രണയം കുതിര്‍ത്തിയ പ്രാണനോടെ നിന്നുപോയതും ഓര്‍മ്മയുടെ മറ്റൊരോണം.
ഓണങ്ങളങ്ങനെ പൂക്കളായും പൂത്തുമ്പിയായും അവളായും അനുരാഗമായും അനുഭൂതിയായും ആത്മ നൊമ്പരവുമായുമൊക്കെ വന്നുവിളിച്ചു. ഞാനുണര്‍ന്ന് മുകര്‍ന്ന ഓര്‍മ്മത്തേനിന് ഓണമെന്നുതന്നെ പേര്‍, പൂമദ ഗന്ധം, രുചിമധുരം. എത്ര ഓണങ്ങള്‍ അങ്ങനെ കരഞ്ഞും കരയാതെയും പ്രേമിച്ചും വിരഹിച്ചും കടന്നുപോയി. ഒടുവില്‍ പൂക്കളത്തിലെ അവസാനത്തെ പൂവിതളും ഒരു മഴയത്ത് ഇറയിറമ്പിലൂടെ ഒലിച്ച് മറഞ്ഞത് പോലെ ഒക്കെയും അകന്നകന്ന്… പക്ഷെ എന്നിട്ടും ഉള്ളില്‍ ഓണം തീര്‍ന്നില്ലല്ലോ. പുല്ലും കാടും പടലും തുമ്പിയും കര്‍ക്കട വെയിലുമെല്ലാം പറയാതെ പറഞ്ഞു: ചിങ്ങം വരുന്നു- ഓണം വരുന്നു. ഹൃദയത്തില്‍ കളമെഴുതി, ‘പൂക്കളം കാണുന്ന പൂമരം പോലെയുള്ള’ ആരെയോ നോക്കിനില്‍ക്കുന്നു മനസ്സ്. അതവളെയാണോ, കാലമാകുന്ന കാമിനിയെ തന്നെയാണോ? മറ്റൊരാഘോഷത്തിനും ഇത്ര മധുരവും മണവും നിറവും നോവുമില്ലെന്ന് അറിഞ്ഞുകൊണ്ടേയിരിക്കുന്നു.

ജീവിതം തന്നെ ഇപ്പോള്‍ കര്‍ക്കടകം തീര്‍ന്ന് പുലരുന്ന ചിങ്ങപ്പൊലിമയിലെ ഉത്രാട നിലാവിന് വേണ്ടിയുള്ള ഒടുങ്ങാത്ത കാത്തിരിപ്പായി തീര്‍ന്നിരിക്കെ, വില്പനയുടേതുമാത്രമായ ഓണം കണ്ട് കണ്ണ് കഴക്കുമ്പോള്‍, സുകൃതവും സമൃദ്ധിയും പ്രകൃതിവിലാസങ്ങളുടെ ലാവണ്യങ്ങളും കൈവിട്ടുപോയ ഒരു കാലത്തിന്റെ അരികില്‍ ഉള്ളം തകര്‍ന്ന വേദനയോടെ നില്‍ക്കുമ്പോള്‍ ആ പഴയ പാട്ടിന്റെ ചരണം മനസ്സ് മെയില്‍വേയ്‌സില്‍ ആലപിക്കുന്നുണ്ടിങ്ങനെ:

‘എത്രയകന്നാലും വേറിടാതെ ഓര്‍മകള്‍
നിറങ്ങളേകുന്ന ഓണനാളില്‍
കാവിലെ പൂവള്ളി പൊന്നൂയലില്‍ മെല്ലെ
ചേര്‍ന്നിരുന്നൊന്നാടാന്‍ മോഹം’

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!