Section

malabari-logo-mobile

ഓണം ഉയര്‍ത്തുന്ന മാനവികത സമൂഹത്തിന് പകര്‍ന്ന് നല്‍കണം;മന്ത്രി ഡോ.കെ.ടി ജലീല്‍

HIGHLIGHTS : മലപ്പുറം: ആഘോഷങ്ങള്‍ക്കപ്പുറം ഓണം ഉയര്‍ത്തുന്ന മാനവികത സമൂഹത്തിന് പകര്‍ന്ന് നല്‍കണമെന്ന് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. സപ്ലൈകോ ഓണം മേളയുടെ ജില്ലാ...

മലപ്പുറം: ആഘോഷങ്ങള്‍ക്കപ്പുറം ഓണം ഉയര്‍ത്തുന്ന മാനവികത സമൂഹത്തിന് പകര്‍ന്ന് നല്‍കണമെന്ന് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. സപ്ലൈകോ ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പ്രളയത്തില്‍ ദുരിതം ബാധിച്ചവരെ കൂടെ നിര്‍ത്താന്‍ നമുക്ക് കഴിയണം. പ്രളയ മേഖലയില്‍ സപ്ലൈകോ പ്രത്യേക ഇടപെടല്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ആദ്യവില്‍പ്പന നടത്തി. മലപ്പുറം കുന്നുമ്മലില്‍ ജില്ല കലക്ടറുടെ വസതിക്ക് സമീപം നബൂദ് ടവറിലാണ് മേള നടക്കുന്നത്. അവശ്യ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ മേളയില്‍ ലഭിക്കും.
താലൂക്ക് തലത്തിലും നിയോജക മണ്ഡലം കേന്ദ്രീകരിച്ചും പ്രത്യേകം മേളകള്‍ നടത്തുന്നുണ്ട്. താലൂക്ക്തല മേളകള്‍ സെപ്റ്റംബര്‍ രണ്ടു മുതലും നിയോജക മണ്ഡല മേളകള്‍ ആറു മുതലും ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിപുലമായാണ് ഇത്തവണ മേള ജില്ലയില്‍ നടത്തുന്നത്. ജില്ലയിലെ 136 സപ്ലൈകോ ഔട്ട്ലെറ്റുകളിലും മേളയിലെ സാധനങ്ങള്‍ അതേ വിലക്ക് ലഭിക്കും. ജില്ലയിലെ തെരഞ്ഞെടുത്ത മാവേലി സ്റ്റോറുകളില്‍ സ്പെഷ്യല്‍ ഓണം മാര്‍ക്കറ്റുകളുമുണ്ടാകും. അരീക്കോട്, താനൂര്‍, കോട്ടക്കല്‍, പുറത്തൂര്‍, അങ്ങാടിപ്പുറം, വണ്ടൂര്‍, അത്താണിക്കല്‍, വേങ്ങര തുടങ്ങിയ സ്ഥലങ്ങളിലെ മാവേലിസ്റ്റോറുകളിലാണ് സ്പെഷ്യല്‍ ഓണം മാര്‍ക്കറ്റുകളുള്ളത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സ്റ്റാളുകളിലൂടെ പ്രദര്‍ശനവും വിപണനവും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
സബ്സിഡി സാധനങ്ങള്‍ക്ക് 60 ശതമാനം വരെയും, ശബരി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനവും, മറ്റു ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം മുതല്‍ 30 ശതമാനം വരെയും വിലക്കുറവിലാണ് നല്‍കുന്നത്. 16 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്സിഡി നിരക്കില്‍ നല്‍കുന്നത്.
ഉപഭോക്താക്കള്‍ക്കായി ഇത്തവണ കൈനിറയെ ഓണസമ്മാനങ്ങളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. സപ്ലൈകോയുടെ എല്ലാ ഔട്ട് ലെറ്റുകളിലും സെപ്റ്റംബര്‍ ഒന്നു മുതല്‍ ഓണം സമ്മാനമഴ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരോ 1500 രൂപയ്ക്ക സാധനങ്ങള്‍ വാങ്ങിയാല്‍ ഒരു സമ്മാന കൂപ്പണ്‍ ലഭിക്കും. ഒന്നാം സമ്മാനമായി ഒരാള്‍ക്ക് മൂന്ന് പവന്‍ സ്വര്‍ണ്ണം, രണ്ടാം സമ്മാനമായി മൂന്ന് പേര്‍ക്ക് ഒരു പവന്‍ സ്വര്‍ണ്ണം, മൂന്നാം സമ്മാനമായി ഏഴ് പേര്‍ക്ക് നാല് ഗ്രാം സ്വര്‍ണം എന്നിങ്ങനെയാണ് സമ്മാനം. ഓരോ 2000 രൂപയുടെ പര്‍ച്ചേഴ്സിനും 100 രൂപയുടെ നിശ്ചിത സമ്മാനം നല്‍കും. കൂടാതെ പ്രത്യേകമായി നടത്തുന്ന എല്ലാ സപ്ലൈകോ ഓണം മേളകളിലും ദൈനംദിന നറുക്കെടുപ്പിലൂടെ രണ്ട് പേര്‍ക്ക് 1000 രൂപയുടെ പ്രത്യേക സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ എല്ലാ അവശ്യസാധനങ്ങളും ഉള്‍ക്കൊള്ളുന്ന 800, 1200 രൂപ വിലമതിക്കുന്ന ഓണകിറ്റ് ഉപഭോക്താക്കള്‍ക്ക് മുന്‍കൂര്‍ ബുക്ക് ചെയ്ത് വാങ്ങാം. ഓണം ഫെയറുകള്‍ സെപ്തംബര്‍ 10 വരെ പ്രവര്‍ത്തിക്കും.
പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, ജില്ല സപ്ലൈ ഓഫീസര്‍ വി.വി സുനില, സപ്ലൈകോ ഡിപ്പോ മാനേജര്‍ പി.അബ്ദുറഹ്മാന്‍, ജൂനിയര്‍ മാനേജര്‍ ഷാജിമോന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വീക്ഷണം മുഹമ്മദ്, പി.മുഹമ്മദലി, എം.സി ഉണ്ണികൃഷ്ണന്‍, നാസല്‍ പുല്‍പ്പറ്റ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!