മസ്‌കത്ത്: ഒമാനില്‍ ജങ്ക്ഫുഡ് പരസ്യങ്ങള്‍ക്ക് നിരോധനം വരുന്നതായി റിപ്പോര്‍ട്ട്. നിരോധിക്കാനുള്ള ആവശ്യകതയെ കുറിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുളള തയ്യാറെടുപ്പിലാണ് ആരോഗ്യമന്ത്രാലയം. അമിതവണ്ണമുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും എണ്ണം ആശങ്കപ്പെടുത്തുന്ന തരത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിരോധനവുമായി മുന്നോട്ടുപോകാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. നിരോധനം പൂര്‍ണായി നടപ്പിലാക്കാന്‍ രണ്ടുവര്‍ഷമെങ്കിലും സമയമെടുക്കമെന്നാണ് സൂചന.
വിവിധ മാധ്യങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്നതും പുറത്തുവിടുന്നതുമായ പരസ്യങ്ങളുടെ എണ്ണവും അവ ചെലുത്തുന്ന സ്വാധീനവും സംബന്ധിച്ചാണ് ഇപ്പോള്‍ പഠനം നടത്തി വരുന്നത്. അമിതവണ്ണത്തിന്റെ ദുഷ്യഫലങ്ങളെ കുറിച്ചും അത് പ്രതിരോധിക്കുന്നതിനുള്ള കര്‍മപദ്ധതികളെ കുറിച്ചും സ്‌കൂളുകളില്‍ ബോധവത്കരണ പദ്ധതികള്‍ നടത്തും. ഇതിനുശേഷമായിരിക്കും പരസ്യ നിരോധന നിയമം പാസാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുക.
ജിസിസി രാജ്യങ്ങളെല്ലാം അമിതവണ്ണമുള്ളവരുടെ എണ്ണം ഉയര്‍ന്നതോതിലാണെന്നാണ് കണക്കുകള്‍ പറയുന്നത്. ബ്രിട്ടന്‍ അടക്കമുള്ള നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ നിലവില്‍ ഇത്തരം പരസ്യങ്ങള്‍ നിരോധിക്കുന്നതിനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്നുണ്ട്.
കുട്ടികളില്‍ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ വളര്‍ത്തുന്നതില്‍ പരസ്യങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളില്‍ അമിതവണ്ണമുള്ളവരുടെ എണ്ണം രണ്ടര ശതമാനവും മുതിര്‍ന്നവിരില്‍ 19 മുതല്‍ 20 ശതമാനവും വരെ വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍. സ്‌കൂള്‍ കാന്റീനുകളില്‍ പോഷകഗുണമുള്ള ഭക്ഷണം ലഭ്യമാക്കാനുള്ള തീരുമാനവും ഇതോടൊപ്പം നടപ്പിലാക്കും.




