Section

malabari-logo-mobile

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഓഫ് ഗ്രിഡ്-ഓണ്‍ ഗ്രിഡ് സോളാര്‍ പദ്ധതി വരുന്നു

HIGHLIGHTS : Off-grid-on-grid solar project തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഓഫ് ഗ്രിഡ്-ഓണ്‍ ഗ്രിഡ് സോളാര്‍ പദ്ധതി വരുന്നു

മലപ്പുറം: വൈദ്യുതി ഉല്‍പ്പാദനത്തിലും ഉപഭോഗത്തിലും സ്വയം പര്യാപ്തത കൈവരിക്കാന്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ സോളാര്‍ പദ്ധതി നടപ്പാക്കുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് മുഖേന സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 17,20,916 രൂപ വിനിയോഗിച്ചാണ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഓഫ് ഗ്രിഡ്, ഓണ്‍ ഗ്രിഡ് സോളാര്‍ പദ്ധതികള്‍ നടപ്പാക്കുന്നത്. അനെര്‍ട്ടിന് കീഴിലെ അംഗീകൃത ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി. കോവിഡ് കാരണം മാറ്റിവച്ച പ്രവൃത്തി അടുത്ത ആഴ്ച്ച തുടങ്ങുമെന്നും പദ്ധതി നിര്‍വഹണ തുക മുഴുവനായും അനെര്‍ട്ടിന് കൈമാറിയതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുള്‍ കലാം പറഞ്ഞു.

തദ്ദേശ സ്വയം ഭരണ വകുപ്പില്‍ നിന്ന് അനുവദിച്ച തുകയില്‍ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് ജെല്‍ ബാറ്ററി സൗകര്യമുള്ള ബാക്കപ്പ് ബാറ്ററിയോടു കൂടിയ ഓഫ് ഗ്രിഡ് സംവിധാനമൊരുക്കുക. 10 ലക്ഷം രൂപയില്‍ മൂന്ന് ലക്ഷം രൂപ സബ്സിഡിയാണ്. ഈ മൂന്ന് ലക്ഷവും ബാക്കിയുള്ള ഏഴ് ലക്ഷത്തിലധികം രൂപയും ചേര്‍ത്ത് ഓണ്‍ഗ്രിഡ് പദ്ധതിയും നടപ്പാക്കും. ഓഫ് ഗ്രിഡ് സംവിധാനത്തിലൂടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കാവശ്യമായ മുഴുവന്‍ വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കാനാകും. വൈദ്യുതി വിതരണം നിലച്ചാലും മുഴുവന്‍ സമയവും തടസ്സമില്ലാതെ സോളാര്‍ വൈദ്യുതി ലഭ്യമാകുന്നതോടെ ഓഫീസില്‍ എയര്‍ കണ്ടീഷന്‍ അടക്കമുള്ളവ പ്രവര്‍ത്തിപ്പിക്കാനാകും. ഓണ്‍ഗ്രിഡ് സംവിധാനത്തിലൂടെ കെ.എസ്.ഇ.ബിയിലേക്ക് വൈദ്യുതി നല്‍കും. ഇതുവഴി വൈദ്യുതി ബില്ലില്‍ ഗണ്യമായ കുറവുണ്ടാക്കാനും വരുമാനമുണ്ടാക്കാനുമാകും. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടങ്ങള്‍ക്ക് മുകളിലായി 5000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ 15 വര്‍ഷം ഗ്യാരണ്ടിയുള്ള സോളാര്‍ പാനലുകളും അനുബന്ധ സാമഗ്രികളും സജ്ജീകരിക്കും.

sameeksha-malabarinews

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നിലവില്‍ ആറായിരവും അതിന് മുകളിലുമാണ് വൈദ്യുതിച്ചെലവ്. സോളാര്‍ പദ്ധതി നടപ്പാക്കുന്നതോടെ ഈ ഇനത്തിലുള്ള സാമ്പത്തിക ചെലവ് ഇല്ലാതാകും. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവര്‍ക്ക് തടസ്സമില്ലാതെ മുഴുവന്‍ സമയ സേവനവും ലഭിക്കും. സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദനം വ്യാപകമാക്കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലും സോളാര്‍ പദ്ധതി നടപ്പാക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!