തിരൂരങ്ങാടി : വൈദ്യുതി ഉല്‍പ്പാദനത്തിലും ഉപയോഗത്തിലും സ്വയം പര്യാപ്തത കൈവരിക്കാന്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ സോളാര്‍ പദ്ധതി യാഥാര്‍ഥ്യമാക്കി. തദ്ദേശ സ്വയം ഭരണ വകുപ്പ് മുഖേന സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 17,20,916 രൂപ വിനിയോഗിച്ചാണ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഓഫ് ഗ്രിഡ്, ഓണ്‍ഗ്രിഡ് സോളാര്‍ പദ്ധതികള്‍ നടപ്പാക്കിയത്. അനെര്‍ട്ടിന് കീഴിലെ അംഗീകൃത ഏജന്‍സിയാണ് സോളാര്‍ സംവിധാനം സ്ഥാപിച്ചത്.
തദ്ദേശ സ്വയം ഭരണ വകുപ്പില്‍ നിന്ന് അനുവദിച്ച തുകയില്‍ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് ജെല്‍ ബാറ്ററി സൗകര്യമുള്ള ബാക്കപ്പ് ബാറ്ററി യോടു കൂടിയ ഓഫ് ഗ്രിഡ് സംവിധാനം സജ്ജീകരിച്ചത്. 10 ലക്ഷം രൂപയില്‍ മൂന്ന് ലക്ഷം രൂപ സബ്സിഡിയാണ്. ഈ മൂന്ന് ലക്ഷവും ബാക്കിയുള്ള ഏഴ് ലക്ഷത്തിലധികം രൂപയും ചേര്‍ത്ത് ഓണ്‍ഗ്രിഡ് പദ്ധതിയും നടപ്പാക്കുകയായിരുന്നു.
ഓഫ് ഗ്രിഡ് സംവിധാനത്തിലൂടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കാവശ്യമായ മുഴുവന്‍ വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കാനാകും. വൈദ്യുതി വിതരണം നിലച്ചാലും മുഴുവന്‍ സമയവും തടസമില്ലാതെ സോളാര്‍ വൈദ്യുതി ലഭ്യമാകുന്നതോടെ ഓഫീസില്‍ എയര്‍ കണ്ടീഷന്‍ അടക്കമുള്ളവ പ്രവര്‍ത്തിപ്പിക്കാനാകും. ഓണ്‍ഗ്രിഡ് സംവിധാനത്തിലൂടെ കെ.എസ്.ഇ.ബിയിലേക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചും നല്‍കാം. ഇതുവഴി വൈദ്യുതി ബില്ലില്‍ ഗണ്യമായ കുറവുണ്ടാക്കാനും സാമ്പത്തിക വരുമാനമുണ്ടാക്കാനാകും.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടങ്ങള്‍ക്ക് മുകളിലായി 5000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ 15 വര്‍ഷം ഗ്യാരണ്ടിയുള്ള സോളാര്‍ പാനലുകളും അനുബന്ധ സാമഗ്രികളുമാണ് സജ്ജീകരിച്ചത്. വൈദ്യുതി ഉല്‍പ്പാദനത്തിനും വിപണനത്തിനുമൊപ്പം വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവര്‍ക്ക് തടസമില്ലാതെ മുഴുവന്‍ സമയ സേവനം ലഭ്യമാക്കാമെന്നതാണ് നേട്ടം. സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദനം വ്യാപകമാക്കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലും സോളാര്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയത്.




