ഭുവനേശ്വര്‍: ഒഡീഷ സംസ്ഥാന ആരോഗ്യമന്ത്രിക്ക് വെടിയേറ്റു. ജാര്‍സുഗുഡയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കാറില്‍ പോകുമ്പോഴാണ് ആരോഗ്യമന്ത്രി നവ ദാസിന് വെടിയേറ്റത്. അത്യാസന്ന നിലയിലായ ആരോഗ്യ മന്ത്രിയെ ചികിത്സയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒഡിഷ പൊലീസ് എഎസ്‌ഐ ഗോപാല്‍ ദാസാണ് വെടിയുതിര്‍ത്തത് എന്നാണ് വിവരം. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഔദ്യോഗിക റിവോള്‍വര്‍ ഉപയോഗിച്ച് തൊട്ടടുത്ത് നിന്ന് പ്രതി വെടിയുതിര്‍ത്തുവെന്നാണ് ജില്ലാ പൊലീസ് മേധാവി അറിയിച്ചത്.
സംസ്ഥാനത്ത് ബിജെഡി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കൂടിയാണ് മന്ത്രി നവ ദാസ്. മന്ത്രിക്ക് നേരെ വെടിയുതിര്‍ത്ത എഎസ്‌ഐ ഗോപാല്‍ ദാസ് മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്. മന്ത്രി നവ ദാസിന്റെ നെഞ്ചിലാണ് വെടിയേറ്റത്. മന്ത്രിയുടെ തൊട്ടടുത്ത് നിന്ന് തുടര്‍ച്ചയായി രണ്ട് തവണ തന്റെ ഔദ്യോഗിക റിവോള്‍വര്‍ ഉപയോഗിച്ച് എഎസ്‌ഐ ഗോപാല്‍ ദാസ് മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തുവെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതിന്റെ കാരണം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഗോപാല്‍ ദാസിനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്. ജാര്‍സുഗുഡ ജില്ലയിലെ ബ്രജ്രാജ്നഗര്‍ ടൗണിലാണ് സംഭവം നടന്നത്. ഇവിടെ ഗാന്ധി ചൗകില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.




