HIGHLIGHTS : Nursing college in Tanur as Onam gift
താനൂരിന് ഓണസമ്മാനമായി പുതിയ നഴ്‌സിങ് കോളേജും പ്രിന്റിംഗ്, ഫിഷറീസ് മേഖലകളില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളും അനുവദിച്ചതായി മന്ത്രി വി അബ്ദുറഹിമാന്‍ താനൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കീഴില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി (സി-മെറ്റ് ) ന്റെ കീഴിലാണ് പുതിയ നേഴ്‌സിങ് കോളേജ് അനുവദിച്ചത്. കൂടാതെ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് (സി ആപ്റ്റ്), കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റി കോഴ്‌സുകള്‍ എന്നിവയാണ് താനൂരില്‍ ആരംഭിക്കുന്നത്.
രാജ്യത്തും, വിദേശത്തും നഴ്‌സുമാരുടെ ആവശ്യം അധികമായതിനാല്‍ കൂടുതല്‍ പഠനസൗകര്യം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2023-2024 ബജറ്റ് പ്രസംഗത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ നഴ്‌സിങ് കോളേജുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ആറും, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സി-മെറ്റിന്റെ കീഴില്‍ ആറും കോളേജുകള്‍ നേരത്തെ അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോള്‍ താനൂരില്‍ പുതിയ കോളേജ് അനുവദിച്ചിട്ടുള്ളത്. 60 പേര്‍ക്ക് പ്രവേശനം നല്‍കാവുന്ന ഒരു ബാച്ചാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. എല്‍ബിഎസ് വഴിയാണ് അഡ്മിഷന്‍ നടത്തുന്നത്. പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. 9 സീറ്റുകള്‍ എന്‍ആര്‍ഐ ക്വാട്ടയിലായിരിക്കും. ഇതും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശന നടപടികള്‍. ഒക്ടോബറില്‍ ക്ലാസുകള്‍ തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ്.


നഴ്‌സിങ് കോളേജിന് സ്വന്തമായ സ്ഥലവും കെട്ടിടവും ആവശ്യമാണ്. എന്നാല്‍ കോളേജ് ആരംഭിക്കാന്‍ നിലവില്‍ താത്കാലിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചെറിയമുണ്ടം ഹൈസ്‌കൂളിനോട് ചേര്‍ന്ന് നിലവില്‍ ഒഴിഞ്ഞു കിടക്കുന്നതും നേരത്തെ സാക്ഷരതാ മിഷന്‍ ഉപയോഗിച്ചതുമായ കെട്ടിടം താല്‍ക്കാലികമായി ഉപയോഗിക്കാനാണ് തീരുമാനം. അടുത്ത അക്കാദമിക് വര്‍ഷത്തേക്ക് കൂടുതല്‍ കെട്ടിട സൗകര്യങ്ങള്‍ ഒരുക്കാന്‍ ഫണ്ടനുവദിക്കുന്നതായി മന്ത്രി പറഞ്ഞു.
തിരൂര്‍ ജില്ലാ ആശുപത്രി, താനൂര്‍ താലൂക്ക് ആശുപത്രി, തിരൂങ്ങാടി താലൂക്ക് ആശുപത്രി എന്നിവയാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രെയിനിങ്ങിനായി ഉപയോഗിക്കുന്നത്. ഈ വിദ്യാര്‍ത്ഥികളുടെ സേവനം കൂടി ഉപയോഗിക്കുമ്പോള്‍ ആശുപ്രതികളുടെ നടത്തിപ്പ് കൂടുതല്‍ സുഗമമാകുമെന്നും മന്ത്രി പറഞ്ഞു.
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ്ങിന്റെ കേന്ദ്രം നിറമരുതൂര്‍ ഉണ്യാലിലാണ് ആരംഭിക്കുന്നത്. പ്രിന്റിങ് കോഴ്‌സുകള്‍ നടത്തുന്നതിനൊപ്പം പാഠപുസ്തകം, ചോദ്യപ്പേപ്പര്‍, ലോട്ടറി തുടങ്ങിയ സര്‍ക്കാരിന്റ പ്രിന്റിങ് ജോലികളും ഇവിടെ നടത്താനാകുമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് മേഖലയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഉപരിപഠനം നടത്തുവാനായി കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിയുടെ ഏതാനും കോഴ്‌സുകള്‍ താനൂരില്‍ തുടങ്ങും. ഫിഷറീസ് സ്‌കൂളില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു