നബി വിരുദ്ധ പരാമര്‍ശം നടത്തിയ് നൂപുര്‍ ശര്‍മ്മക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോടതി, ഉദയ്പൂര്‍ സംഭവത്തിന് ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും കോടതി കുറ്റപ്പെടുത്തി. കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലില്‍ ചര്‍ച്ച ചെയ്തത് എന്തിനെന്ന് ചോദിച്ച സുപ്രീംകോടതി, പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയെന്നും വിമര്‍ശിച്ചു. തനിക്കെതിരായ കേസുകള്‍ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു രൂക്ഷ വിമര്‍ശനം.
രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്നും പറഞ്ഞ കോടതി, രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും കോടതി കുറ്റപ്പെടുത്തി. പൊലീസ് അന്വേഷണത്തെ പരിഹസിച്ച കോടതി, നൂപുറിന്റെ പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ നിരവധി എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടും ഡല്‍ഹി പൊലീസ്
നൂപുറിനെ പിടികൂടിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് നടക്കാത്തത് നൂപുറിന്റെ സ്വാധീനം വ്യക്തമാക്കുന്നതാണെന്നും കോടതി കുറ്റപ്പെടുത്തി.
വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലായിരുന്നു നൂപുര്‍ ശര്‍മ്മയുടെ ഹര്‍ജി. ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ പല സംസ്ഥാനങ്ങളിലേക്ക് പോകാന്‍ കഴിയില്ലെന്നും കേസുകള്‍ ഒന്നിച്ച് ദില്ലി പൊലീസിന്റെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരണമെന്നുമാണ് നൂപുര്‍ ശര്‍മ്മ ആവശ്യപ്പെടുന്നത്. ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നൂപുര്‍ ശര്‍മ്മ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി പരിഗണിക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു കോടതി പരാമര്‍ശം.




