
കോഴിക്കോട് കോര്‍പറേഷനില്‍ പൊളിക്കാനുള്ള കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയ സംഭവത്തില്‍ കോഴിക്കോട് കോര്‍പറേഷനില്‍ ജീവനക്കാരുടെ പ്രതിഷേധം. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്‍ സെക്രട്ടറി മാറിനിന്ന് കേസ് അന്വേഷിക്കണം. ജീവനക്കാരെ ബലിയാടാക്കുന്ന രീതി നിര്‍ത്തണമെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു.
പൊളിക്കാന്‍ നിര്‍ദേശിച്ച കെട്ടിടത്തിന് നമ്പര്‍ ഇട്ട് നല്‍കിയ സംഭവത്തില്‍ നാല് പേര്‍ക്കെതിരെയാണ് നടപടിക്ക് ഉത്തരവിട്ടത്. കോര്‍പറേഷനിലെ 4 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനാണ് നിര്‍ദേശം. കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസിലെ സൂപ്രണ്ട്, റവന്യൂ ഇന്‍സ്‌പെക്ടര്‍, ബേപ്പൂര്‍ സോണല്‍ ഓഫീസ് സൂപ്രണ്ട്, റവന്യൂ ഓഫീസര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സെക്രട്ടറിയുടെ പാസ് വേര്‍ഡ് ചോര്‍ത്തിയാണ് പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നമ്പര്‍ നല്‍കിയത്. അതേസമയം കോഴിക്കോട് കോര്‍പ്പറേഷനില്‍ കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ നല്‍കിയ സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജ രേഖ നിര്‍മ്മാണം, ഐ ടീ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.




