തിരുവനന്തപുരം: തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനായി നോര്‍ക്ക സപ്ളൈകോയുമായി ചേര്‍ന്ന് പ്രവാസി സ്റ്റോര്‍ പദ്ധതി നടപ്പാക്കുന്നു.
തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനായി ആവിഷ്‌കരിച്ച NDPRM പദ്ധതിയുടെ ഭാഗമായാണ് പുതിയ സംരംഭം. 15 ശതമാനം മൂലധന സബ്സിഡിയോടെ 30 ലക്ഷം രൂപ വരെ 16 പ്രമുഖ ബാങ്കുകളുടെ 5832 ശാഖകളിലൂടെ വായ്പ അനുവദിക്കും.
മാവേലി സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലുള്ള കട എന്നിവ ആരംഭിക്കുന്നതിനാണ് പ്രവാസികള്‍ക്ക് സഹായം. സ്വന്തമായും വാടകയ്ക്കും കെട്ടിടമുള്ളവര്‍ക്ക് അപേക്ഷിക്കാം. 700 ച. അടിക്ക് താഴെ വിസ്തൃതിയുള്ള കെട്ടിടമുള്ളവര്‍ക്ക് മാവേലി സ്റ്റോര്‍ മാതൃകയിലും 1500 ച. അടിക്ക് മുകളിലുള്ള കെട്ടിടങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നതിനുമാണ് അനുവാദം ലഭിക്കുന്നത്. കടയുടെ ഫര്‍ണിഷിംഗ്, കമ്പ്യൂട്ടര്‍, ഫര്‍ണിച്ചര്‍ എന്നിവയുടെ ചെലവ് കട ആരംഭിക്കുന്നവര്‍ വഹിക്കണം. അടുത്തിടെ തിരിച്ചെത്തിയ പ്രവാസികള്‍ക്കാണ് മുന്‍ഗണന.
സപ്ളൈകോ വിതരണം ചെയ്യാത്ത മറ്റ് സാധനങ്ങള്‍ വിറ്റഴിക്കുന്നതിനും ഉപാധികളോടെ അനുവാദം നല്‍കും. സപ്ളൈകോയുടെ ഏതെങ്കിലും വില്പനശാലയുടെ, ഗ്രാമപ്രദേശങ്ങളില്‍ 5 കിലോമീറ്റര്‍ പരിധിയിലും മുന്‍സിപ്പാലിറ്റിയില്‍ 4 കിലോമീറ്റര്‍ പരിധിയിലും കോര്‍പ്പറേഷനില്‍ 3 കിലോമീറ്റര്‍ പരിധിയിലും പ്രവാസി സ്റ്റോര്‍ അനുവദിക്കുകയില്ല. പ്രവാസി സ്റ്റോറുകള്‍ തമ്മിലുള്ള അകലം 3 കിലോമീറ്റര്‍ ആയിരിക്കും.
സ്ഥാപനം ആരംഭിക്കുന്നതിനുള്ള അപേക്ഷ www.norkaroots.org യില്‍ നല്‍കാം. അന്തിമാനുമതി സപ്ളൈകോ വ്യവസ്ഥകള്‍ പ്രകാരമായിരിക്കും. വിശദ വിവരം 0471 2329738, 2320101 എന്നീ ഫോണ്‍ നമ്പറില്‍ (ഓഫീസ് സമയം) 8078258505 എന്ന വാട്സ് ആപ്പ് നമ്പറിലും ലഭിക്കും. loannorka@gmail.com എന്ന ഇമെയിലിലും സംശയങ്ങള്‍ അയയ്ക്കാം.
ടോള്‍ ഫ്രീ നമ്പര്‍.1800 4253939 (ഇന്ത്യയില്‍ നിന്നും) 00918802012345 ( വിദേശത്തു നിന്ന് മിസ്ഡ് കോള്‍ സേവനം).




