പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക-കേരളാബാങ്ക് വായ്പാ മേള സംഘടിപ്പിക്കുന്നു

മലപ്പുറം:ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്‌സും കേരള ബാങ്കും സംയുക്തമായി  വായ്പാ നിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. നിലമ്പൂര്‍ തിരൂര്‍, പൊന്നാനി മേഖലകളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. നിലമ്പൂരില്‍ ഡിസംബര്‍ 19ന് കീര്‍ത്തിപടിയിലെ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തിലും തിരൂരില്‍ ഡിസംബര്‍ 21ന് താഴേപ്പാലം ചേംബര്‍ ഓഫ് കോമേഴ്‌സ് കെട്ടിടത്തിലുമാണ് മേള നടക്കുക.  പൊന്നാനിയില്‍ ജനുവരി ആദ്യവാരമാണ് മേള. വേദിയും തീയതിയും പിന്നീട് അറിയിക്കും.
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം (NDPREM), പ്രവാസി ഭദ്രത പദ്ധതികള്‍ പ്രകാരമാണ് ക്യാമ്പ് നടത്തുന്നത്.

രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് പുതിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാം. താല്‍പര്യമുള്ള പ്രവാസികള്‍ക്ക് www.norkaroots.org/ndprem    എന്ന വെബ്സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയില്‍  രജിസ്റ്റര്‍ ചെയ്തു  പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു എന്ന് തെളിയിക്കുന്ന  പാസ്സ്പോര്‍ട്ട് കോപ്പിയും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി, റേഷന്‍ കാര്‍ഡ്, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്.

പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം (NDPREM) പ്രവാസി കിരണ്‍ പ്രവാസി ഭദ്രത എന്നീ പദ്ധതികളാണ് കേരളബാങ്കുവഴി നടത്തിവരുന്നത്. ഒരു ലക്ഷംരൂപ  മുതല്‍ മുപ്പത് ലക്ഷം രൂപവരെയുള്ള സംരംഭകപദ്ധതിക്കാണ് ഇതുവഴി വായ്പയ്ക്ക് അവസരമുളളത്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന, പലിശ സബ്‌സിഡിയും നോര്‍ക്ക റൂട്ട്‌സ് വഴി സംരംഭകര്‍ക്ക് നല്‍കിവരുന്നു. സംശയങ്ങള്‍ക്ക് നോര്‍ക്ക റൂട്‌സ്  ഹെഡ്ഓഫീസിലെ 0471 -2770511,+91-7736917333 എന്നീ നമ്പറുകളില്‍ (ഓഫീസ് സമയത്ത് പ്രവൃത്തി ദിനങ്ങളില്‍) ബന്ധപ്പെടാം. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്)  എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top