രാത്രി സമരത്തിന് സ്ത്രീകള്‍ ഇറങ്ങരുതെന്ന് ദേശീയ വനിതാ ലീഗ്

കോഴിക്കോട്: വൈകീട്ട് ആറുമണിക്ക് ശേഷമുള്ള ഒരു സമരത്തിനും സ്ത്രീകള്‍ ഇറങ്ങരുതെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.നൂര്‍ബിന റഷീദ്. മുസ്ലിം ലീഗ് നാഷണല്‍ കമ്മിറ്റി യോഗത്തിന് ശേഷം നൂര്‍ബിന റഷീദ് വനിതാ ലീഗ് നേതാക്കള്‍ക്ക് നല്‍കിയ ഓഡിയോ സന്ദേശമാണ് പുറത്തായിരിക്കുന്നത്. ന്യൂസ് 18 നാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

എന്നാല്‍ ഇങ്ങനെ ഒരു തീരുമാനത്തെ കുറിച്ച് അറിയില്ലെന്നും വനിതാ ലീഗ് രാത്രികാല സമരങ്ങളില്‍ പങ്കെടുക്കാറുണ്ടെന്നും സംസ്ഥാന പ്രസിഡണ്ട് കുല്‍സു ടീച്ചര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നൂര്‍ബിന റഷീദിന്റെ ഓഡിയോ സന്ദേശം ഇങ്ങനെയാണ്. ബാംഗ്ലൂരില്‍ മുസ്ലിം ലീഗ് നാഷണല്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് ഞാന്‍ വിളിക്കുന്നത്. സുഹറമമ്പാടിനെ വിളിച്ചിട്ട് കിട്ടുന്നില്ല. കുല്‍സുടീച്ചറെ വിളിച്ചിരുന്നു. സംസാരിച്ച് തുടങ്ങിയപ്പോഴേക്ക് ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ എന്നില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നു. പാര്‍ട്ടി ഒരു കാരണവശാലും വൈകീട്ടത്തെ പരിപാടിയില്‍ ഇരിക്കേണ്ട എന്നാണ് പറഞ്ഞിരിക്കുന്നത്. ആറ് മണി കഴിഞ്ഞുള്ള ഒരു പരിപാടിയിലും പെണ്ണുങ്ങള്‍ ഇരിക്കേണ്ട എന്നാണ് പറഞ്ഞിരിക്കുന്നത്. ഞാന്‍ എന്നില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നു.

യൂത്ത് ലീഗ് ശഹീന്‍ ബാഗ് സമരത്തില്‍ വൈകീട്ട് അഞ്ച് മണിമുതല്‍ രാത്രി പത്ത് മണിവരെയാണ് സ്ത്രീകള്‍ സമരപ്പന്തലിലിരുന്നത്. ഇത്തരം സമരങ്ങള്‍ ഇനി വേണ്ടെന്നാണ് പറഞ്ഞത്. നിര്‍ബന്ധിച്ച് സ്ത്രീകളെ സമരത്തിന് കൊണ്ടുവരാന്‍ പാടില്ലെന്നാണ് പാര്‍ട്ടി തീരുമാനം എന്നും നൂര്‍ബിന വിശദീകരിച്ചു.

Related Articles