HIGHLIGHTS : Nobel laureate Abhijit Banerjee says unconditional money makes poor people lazy
നിരുപാധികമായി പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന പണം അവരെ മടിയന്മാരാക്കുമെന്ന വാദത്തിന് തെളിവിന്റെ പിന്‍ബലമില്ലെന്ന് നൊബേല്‍ സമ്മാന ജേതാവും പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് ബാനര്‍ജി അഭിപ്രായപ്പെട്ടു.
‘ജനങ്ങള്‍ക്ക് എളുപ്പത്തില്‍ പണം നല്‍കുന്നത് അവരെ മടിയന്മാരാക്കും, ജനങ്ങളെ ഒരു പരിധിയില്‍ കവിഞ്ഞ് സഹായിക്കാന്‍ പാടില്ല തുടങ്ങിയ ഉദാരവത്കൃത ലോകത്തിലെ വാദങ്ങളില്‍ കഴമ്പില്ല എന്നാണ് 13 രാജ്യങ്ങളില്‍ നടത്തിയ റാന്‍ഡമൈസ്ഡ് കണ്‍ട്രോള്‍ഡ് ട്രയലില്‍ നിന്ന് വ്യക്തമായത്,’ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ‘എങ്ങിനെ ദാരിദ്ര്യം തുടച്ചുനീക്കാം: കേരളത്തില്‍ നിന്നും ഇന്ത്യയില്‍ നിന്നും ലോകത്ത് നിന്നുമുള്ള പാഠങ്ങള്‍’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തവെ അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടപ്പാക്കാന്‍ പാവപ്പെട്ടവരെ വിശ്വാസത്തിലെടുക്കണം. പണം നേരിട്ട് അവരുടെ കൈകളില്‍ ഏല്‍പ്പിച്ചാല്‍ മദ്യപിച്ചും മറ്റും ദുര്‍വ്യയം ചെയ്യുമെന്ന വാദവും അസ്ഥാനത്താണ്. ഇന്തോനേഷ്യയില്‍ ക്രഡിറ്റ് കാര്‍ഡിന് സമാനമായ കാര്‍ഡ് ജനങ്ങള്‍ക്ക് നേരിട്ട് നല്‍കിയപ്പോള്‍ അവര്‍ കാര്‍ഡുപയോഗിച്ച് അവശ്യ സാധനങ്ങള്‍ വാങ്ങുകയും കാലക്രമേണ ദാരിദ്ര്യ നിരക്ക് 20 ശതമാനം കുറയുകയും ചെയ്തു, ബാനര്‍ജി ചൂണ്ടിക്കാട്ടി.
അതിദരിദ്രര്‍ക്ക് കന്നുകാലികള്‍, മറ്റ് ജീവനോപാധികള്‍ എന്നിവ വിതരണം ചെയ്തശേഷം 10 വര്‍ഷം കഴിഞ്ഞ് തിരക്കിയപ്പോള്‍ അവരില്‍ പലരും സമ്പന്നരായി മാറിയിരുന്നു. അവര്‍ക്ക് നല്‍കിയ പശു അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ലെങ്കിലും അത് മൂലധനമായി നടത്തിയ നിരവധി ക്രയവിക്രയങ്ങളിലൂടെ ദാരിദ്ര്യം തുടച്ചുനീക്കപ്പെട്ടു. ‘ഒരു സ്വത്തോ ജീവിതോപാധിയോ കൈവന്നതിലൂടെ ലഭിച്ച ആത്മവിശ്വാസവും ഉണര്‍വുമാണ് മാറ്റങ്ങള്‍ സൃഷ്ടിച്ചത്, ബാനര്‍ജി പറഞ്ഞു.
മൈക്രോ ക്രഡിറ്റ് പദ്ധതികള്‍ ദരിദ്രര്‍ക്ക് വളരെയധികം ഉപകാരപ്പെടുമെങ്കിലും അത്തരം പദ്ധതികളെ സംരംഭകത്വങ്ങളായി പരിവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല.
‘നാം ഉറപ്പെന്ന് തീര്‍പ്പുകല്‍പ്പിക്കുന്നത് പലപ്പോഴും അങ്ങിനെയാകില്ല. അതുപോലെ ശരി പലപ്പോഴും പരിപൂര്‍ണതയ്ക്ക് എതിരായി വരാറുണ്ട്. ഒരു ദുരന്തം നേരിടുന്ന സാഹചര്യത്തില്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ബദ്ധശ്രദ്ധ ചെലുത്തുന്നത് തിരിച്ചടിയായി മാറും; പകരം ലഭ്യമായ സമയത്തില്‍ ശരിയായ നടപടികള്‍ കൈക്കൊള്ളാനാണ് ശ്രമിക്കേണ്ടത്’.
ഇന്ത്യയില്‍ അധ്യാപനം എന്ന പ്രവൃത്തിയുടെ ഘടന തന്നെ കൊളോണിയല്‍ മനോഭാവത്തില്‍ അധിഷ്ഠിതമാണെന്ന് അഭിജിത് ബാനര്‍ജി വിമര്‍ശിച്ചു. ‘എന്ത് പഠിക്കണം എന്ന് കുട്ടികളെ പഠിപ്പിക്കുകയാണ് വേണ്ടത്, അല്ലാതെ സിലബസ് അനുസരിച്ച് പഠിപ്പിക്കുകയല്ല,’ അദ്ദേഹം നിരീക്ഷിച്ചു. എല്ലാ കുട്ടികളും വായിക്കാനും എഴുതാനുമുള്ള കഴിവ്, അടിസ്ഥാന ഗണിതം ചെയ്യാനുള്ള കഴിവ് എന്നിവ നേടണം.
ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തെ പ്രശംസിച്ച നൊബേല്‍ ജേതാവ് വികേന്ദ്രീകൃത രീതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തം പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാന്‍ ഫണ്ട് അനുവദിക്കുന്ന മാതൃക തന്നെ വളരെയധികം ആകര്‍ഷിച്ചതായി എടുത്തുപറഞ്ഞു. ‘കേരളീയര്‍ ഭാഗ്യവാന്‍മാരാണ്. ആ ഭാഗ്യം നിങ്ങള്‍ നിലനിര്‍ത്തുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ വി.പി ജോയ്, അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി തുടങ്ങിയവര്‍ സംസാരിച്ചു. പ്രഭാഷണത്തിന് ശേഷം അഭിജിത് ബാനര്‍ജി സദസില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു