മലപ്പുറം : ജില്ലയില്‍ കോവിഡ് 19 ഭേദമായി തുടര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ട് പേരും ഇന്ന് വീടുകളിലേയ്ക്ക് മടങ്ങി. ഇതോടെ ഇനി ജില്ലയില്‍ കോവിഡ് ബാധതരില്ല. കാലടി ഒലുവഞ്ചേരി സ്വദേശി താഴത്ത് വളപ്പില്‍ മുഹമ്മദ് കബീര്‍ (38), മാറഞ്ചേരി പരിച്ചകം സ്വദേശി തെക്കെക്കരയില്‍ അബ്ദുള്‍ ലത്തീഫ് (40) എന്നിവരാണ് രാവിലെ 10.30 ന് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.
തങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കിയ സംസ്ഥാന സര്‍ക്കാറിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇരുവരും നന്ദി പറഞ്ഞു. ചികിത്സാ സമയത്ത് യാതൊരു മാനസിക സംഘര്‍ഷവും ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും മികച്ച പരിചരണമാണ് തങ്ങള്‍ക്ക് നല്‍കിയതെന്നും പുതു ജീവിതത്തിലേയ്ക്കാണ് ഇനി പ്രവേശിക്കുന്നതെന്നും ഇരുവരും പറഞ്ഞു.
മുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പന കേന്ദ്രത്തിലെ തൊഴിലാളികളായ ഇരുവരും ഏപ്രില്‍ 11 ന് ചരക്ക് ലോറിയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്താണ് കേരളത്തിലെത്തിയത്. കല്‍പ്പറ്റ വഴി ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കോഴിക്കോടെത്തി. കോഴിക്കോട് നിന്ന് അരി കയറ്റിവന്ന ലോറിയില്‍ യാത്ര ചെയ്ത് വൈകുന്നേരം ആറ് മണിയ്ക്ക് രാമനാട്ടുകരയിലെത്തിയശേഷം അവിടെ നിന്ന് നടന്ന് ചേളാരിയിലെത്തി. രാത്രി 8.30 ന് ചേളാരിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ യാത്ര തിരിച്ച് കാലടി സ്വദേശി മുഹമ്മദ് കബീറിനെ ചമ്രവട്ടം പാലത്തിനടുത്ത് ഇറക്കി. പിന്നീട് പരിച്ചകം സ്വദേശി അബ്ദുള്‍ ലത്തീഫും വീട്ടിലെത്തി.
ഇരുവരും മുംബൈയില്‍ നിന്നെത്തിയ വിവരമറിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് ഏപ്രില്‍ 16 ന് ഇവരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലാക്കുകയായിരുന്നു. മുഹമ്മദ് കബീറിനെ ഏപ്രില്‍ 23 നും അബ്ദുള്‍ ലത്തീഫിനെ ഏപ്രില്‍ 26 നും 108 ആംബുലന്‍സുകളില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് കബീറിന് മാര്‍ച്ച് 27 നും അബ്ദുള്‍ ലത്തീഫിന് ഏപ്രില്‍ 30 നുമാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കും നിരന്തരമുള്ള സാമ്പിള്‍ പരിശോധനകള്‍ക്കും ശേഷം മെയ് നാലിനാണ് ഇരുവരും രോഗമുക്തരായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്.
ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ പ്രത്യേക ആംബുലന്‍സുകളിലാണ് ഇവരെ വീടുകളിലേയ്ക്ക് അയച്ചത്. വീട്ടിലെത്തിയാലും ആരോഗ്യ ജാഗ്രത ഉറപ്പാക്കി സ്വയം നിരീക്ഷണം തുടരണം. എം. ഉമ്മര്‍ എം.എല്‍.എ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി. ശശി, കോവിഡ് സര്‍വൈലന്‍സ് ഓഫീസറും മെഡിക്കല്‍ കോളജ് സൂപ്രണ്ടുമായ ഡോ. കെ.വി. നന്ദകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ് ബാബു തുടങ്ങിയവര്‍ ഇവരെ യാത്രയാക്കാനെത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ റെഡ് ക്രോസ് പ്രവര്‍ത്തകര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ഇവര്‍കൂടി മടങ്ങിയതോടെ ജില്ലയില്‍ കോവിഡ് ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയവര്‍ 20 ആയി. കീഴാറ്റൂര്‍ പൂന്താനം സ്വദേശി രോഗം ഭേദമായി തുടര്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.




