‘നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല’; ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റ മരണത്തില്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യു മന്ത്രിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. എഡിഎം കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായി കളക്ടറുടെ പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലില്ല. അതേസമയം, തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായുള്ള മൊഴിയില്‍ ആവശ്യെമെങ്കില്‍ കൂടുതല്‍ അന്വേഷണം നടക്കട്ടെ എന്നാണ് കളക്ടറുടെ നിലപാട്.

എഡിഎം കൈക്കൂലി വാങ്ങിയതിനും പമ്പിനു അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ല എന്നാണ് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ചേമ്പറില്‍ എത്തി തെറ്റ് പറ്റി എന്ന് നവീന്‍ ബാബു പറഞ്ഞു എന്ന കളക്ടറുടെ പരാമര്‍ശം റിപ്പോര്‍ട്ടില്‍ ഉപ്പെടുത്തിയിട്ടുണ്ട്. കളക്ടര്‍ നല്‍കിയ വിശദീകരണ കുറിപ്പിലാണ് ഈ പരാമര്‍ശമുള്ളത്. എന്താണ് എഡിഎം ഉദ്ദേശിച്ചതെന്ന കാര്യത്തില്‍ വ്യക്തത ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ തേടിയിട്ടുമില്ല കളക്ടര്‍ നല്‍കിയിട്ടുമില്ലെന്നാണ് വിവരം. നവീന്‍ ബാബുവിന്റെ കുടുംബം ഉന്നയിച്ച ആരോപണം ഉള്‍പ്പെടെ എല്ലാം പരിശോധനയ്ക്ക് വിധേയമാകട്ടെ എന്നും ആവശ്യമെങ്കില്‍ പൊലീസ് അന്വേഷണം നടക്കട്ടെ എന്നുമാണ് കളക്ടര്‍ പറയുന്നത്.

എഡിഎമ്മിന്റെ മരണത്തിന് ശേഷം കളക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വിവാദ പരാമര്‍ശം ഒന്നുമുണ്ടായിരുന്നില്ല. കലക്ടറുടെ പുതിയ മൊഴിയില്‍ എഡിഎമ്മിന്റെ കുടുംബത്തിന് എതിര്‍പ്പുണ്ട്. റവന്യു മന്ത്രിക്കും അതൃപ്തി ഉണ്ടെന്നാണ് വിവരം. ഏതായാലും ഇക്കാര്യത്തില്‍ ഇനി എന്ത് തുടര്‍ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് അറിയേണ്ടത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ കളക്ടറെ മാറ്റണമെന്ന ആവശ്യം റവന്യു മന്ത്രിക്കും വകുപ്പിനും ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണ്ണായകമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top