നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചിക: കേരളം വീണ്ടും നമ്പര്‍ വണ്‍

ന്യൂഡല്‍ഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) സൂചികയില്‍ കേരളം വീണ്ടും ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷങ്ങളിലും കേരളം തന്നെയായിരുന്നു ഈ സൂചികയില്‍ ഒന്നാമത്. ഇത്തവണ ഉത്തരാഖണ്ഡും ഒന്നാംസ്ഥാനം പങ്കിടുന്നുണ്ട്. ബിഹാറാണ് ഏറ്റവും പിന്നില്‍. ജാര്‍ഖണ്ഡ്, നാഗാലാന്‍ഡ് എന്നിവയാണ് പട്ടികയില്‍ പിന്നിലുള്ള മറ്റ് സംസ്ഥാനങ്ങള്‍.

സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. പതിനാറ് ലക്ഷ്യങ്ങളെ പ്രത്യേകം മുന്‍നിര്‍ത്തി ഇന്ത്യാ ഗവണ്‍മെന്റ് നടത്തിയ ശ്രമങ്ങള്‍ വിജയിച്ചതായി നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്‌മണ്യം പറഞ്ഞു. 2023-’24 വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം 71 പോയിന്റ് ആയി ഉയര്‍ന്നു. 2020-’21 കാലത്ത് 66 ആയിരുന്നു.

കേന്ദ്രഭരണ പ്രദേശങ്ങളില്‍, ചണ്ഡീഗഢ്, ജമ്മു- കശ്മീര്‍, പുതുച്ചേരി, അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഡല്‍ഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. കേരളത്തിനും ഉത്തരാഖണ്ഡിനും തൊട്ടു പിന്നാലെ വരുന്നത് തമിഴ്‌നാടാണ്. അടുത്തതായി ഗോവ വരുന്നു. മറ്റൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടക എട്ടാം സ്ഥാനത്താണ്. 28 സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇരുപതാം സ്ഥാനത്താണ് ഉത്തര്‍പ്രദേശ് വരുന്നത്. ഛത്തീസ്ഗഢ് ഇരുപത്തൊന്നാം സ്ഥാനത്തും ഒഡിഷ ഇരുപത്തിരണ്ടാം സ്ഥാനത്തും വരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top