നിറവ് – 2025 കിസാന്‍ മേളയ്ക്ക് താനാളൂരില്‍ തുടക്കമായി;മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു

താനാളൂര്‍:കാര്‍ഷിക വികസന- കര്‍ഷകക്ഷേമ വകുപ്പിന്റെ ‘നിറവ് 2025 ‘ കിസാന്‍ മേളയ്ക്ക് താനാളൂരില്‍ തുടക്കമായി. താനാളൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുന്ന പരിപാടി കായിക -ന്യൂനപക്ഷ ക്ഷേമ- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെയും അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി പദ്ധതിയുടെയും ഭാഗമായി കിസാന്‍ കര്‍ഷക ഫീല്‍ഡ് ഡേയും ഉള്‍ചേര്‍ത്തുകൊണ്ടുള്ള പരിപാടിയാണ് ‘നിറവ് 2025.

ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാനത്തെ മികച്ച കൃഷിഭവനുള്ള അവാര്‍ഡ് ലഭിച്ച താനാളൂര്‍ കൃഷിഭവന് മന്ത്രി പുരസ്‌കാരം നല്‍കി. ‘നിറവ്’ എന്ന പേര് കിസാന്‍ മേളയ്ക്ക് നിര്‍ദ്ദേശിച്ച കര്‍ഷകര്‍ക്കും അനുമോദനം നല്‍കി. കൂടാതെ നാല് ദിവസമായി നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ വിജയിയായ ശിഹാദിന് തെയ്യമ്പാട്ടില്‍ ജ്വല്ലറി നല്‍കുന്ന സ്വര്‍ണ്ണ നാണയവും മന്ത്രി സമ്മാനിച്ചു. ആത്മ മലപ്പുറം താനൂര്‍ കാര്‍ഷിക ബ്ലോക്കിന്റെ സഹകരണത്തോടെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ കാര്‍ഷിക സെമിനാറുകള്‍, ക്ലാസുകള്‍, പ്രദര്‍ശന സ്റ്റാളുകള്‍, കാര്‍ഷിക മത്സരങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവയും നടക്കും.

ചടങ്ങില്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് അധ്യക്ഷത വഹിച്ചു. താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക, വൈസ് പ്രസിഡന്റ് അബ്ദു റസാഖ്, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജലീല്‍ മാസ്റ്റര്‍, താനൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ റഷീദ് മോര്യ, പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംസു പുതുമ, എന്‍.ഡബ്‌ളിയു.പി.ആര്‍.എ ഡെപ്യൂട്ടി ഡയറക്ടര്‍ മിനി ജോസഫ്, പൊന്മുണ്ടം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.ഇ ബാബു ഷക്കീര്‍, വിവിധ ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മേളയുടെ അവസാന ദിനമായ നാളെ (ഞായര്‍) കൂണ്‍ഗ്രാമ പദ്ധതിയുടെ ഭാഗമായുള്ള പരിശീലന പരിപാടി തിരൂര്‍ എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. വിവിധ സ്റ്റാളുകളിലായി കാര്‍ഷിക മെഷിനറികള്‍, കൂണ്‍ ഉല്‍പ്പന്നങ്ങള്‍ , ചെടികള്‍,വിത്തുകള്‍, വെറ്റില ഉല്‍പ്പന്നങ്ങള്‍, വിവിധ വളങ്ങള്‍, അഗ്രോ ക്ലിനിക്, കാര്‍ഷിക ഹെല്‍ത്ത് ചെക്കപ്പ് തുടങ്ങിയവയും ഉണ്ടായിരിക്കും.

Share news
error: Content is protected !!
Scroll to Top