‘ഒറ്റകുത്തില്‍ നിധിനയുടെ വോക്കല്‍ കോഡ് അറ്റു, പ്രൊഫഷണല്‍ കൊല’; കൂസലില്ലാതെ എല്ലാം ഏറ്റുപറഞ്ഞ് പ്രതി

നിതിന വധക്കേസ് പ്രതി അഭിഷേക് ബൈജു പ്രൊഫഷണല്‍ കൊലപാതകിയുടെ സ്വഭാവം പുറത്തെടുത്തതായി സൂചന നല്‍കി അന്വേഷണ സംഘം. കൃത്യമായ ആസൂത്രണവും പരിശീലനവും കൊലപാതകത്തിന് മുന്‍പ് നടന്നിരുന്നതായിട്ടാണ് പൊലീസ് നല്‍കുന്ന സൂചന. നിതിനയുടെ കഴുത്തറക്കാന്‍ പ്രത്യേക പരിശീലനം പ്രതി നടത്തിയെന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഇന്ന് ഉച്ചയ്ക്ക് പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തിരുന്നു.

നിതിനയുടെ കഴുത്തിന് പിടിച്ച് വീഴ്ത്തി കഴുത്തറക്കുകയാണ് പ്രതി ചെയ്തത്. പുതിയ ബ്ലേഡുള്ള പഴയ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് കൃത്യം നിര്‍വ്വഹിച്ചത്. സമാന ആയുധം എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നത് ഇയാള്‍ പരിശീലിച്ചിരുന്നോയെന്നതും പൊലീസ് പരിശോധിക്കും. പ്രൊഫഷണല്‍ സ്വഭാവത്തിലാണ് പ്രതി കൃത്യം ആസൂത്രണം ചെയ്തതെന്നാണ് ലഭ്യമാവുന്ന വിവരം. ഇക്കാര്യങ്ങളെല്ലാം തെളിവെടുപ്പിനിടെ കൂസലില്ലാതെ പൊലീസിനോട് അഭിഷേക് വിവരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഒറ്റ കുത്തില്‍ തന്നെ പെണ്‍കുട്ടിയുടെ വോക്കല്‍ കോഡ് അറ്റുപോയി. പഞ്ചാഗുസ്തി ചാമ്പ്യനായ പ്രതിക്ക് എളുപ്പത്തില്‍ കൃത്യം ചെയ്യാന്‍ സാധിച്ചെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പെണ്‍കുട്ടിയെ കൊല്ലുമെന്ന് സുഹൃത്തിന് പ്രതി അഭിഷേക് സന്ദേശം അയച്ചിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഈ സന്ദേശമാണ് കൊലപാതകം മാസങ്ങളുടെ ആസൂത്രണമുണ്ടായിരുന്നതായി സംശയിക്കാന്‍ പ്രധാന കാരണം. കൊലപാതകത്തിന് ഒരാഴ്ച മുന്‍പ് പുതിയ ബ്ലേഡ് വാങ്ങിയിരുന്നതായി അഭിഷേക് പാലാ ഡിവൈഎസ്പി ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി.

അതേസമയം, നിതിനയെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും ആയുധം കൊണ്ടുവന്നത് സ്വയം കൈ ഞരമ്പ് മുറിച്ച് പേടിപ്പിക്കാനാണെന്നുമുള്ള അഭിഷേകിന്റെ ഇന്നലത്തെ മൊഴി പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പുനപരിശോധിക്കപ്പെട്ടേക്കും.

 

 

Share news
error: Content is protected !!
Scroll to Top