സംസ്ഥാന വ്യാപകമായി പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്

തിരുവനന്തപുരം: നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്. സംസ്ഥാന വ്യാപകമായി 56 സ്ഥലങ്ങളിലാണ് റെയ്ഡ്. സംഘടനയുടെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന. ദില്ലിയില്‍ നിന്നുളള എന്‍.ഐ.എ ഉദ്യോഗസ്ഥരും
ഉള്‍പ്പടെയുള്ള പ്രത്യേക സംഘമാണ് റെയ്ഡ് നടത്തുന്നത്.

പി.എഫ്.ഐ നിരോധനത്തിന്റെ തുടര്‍ച്ചയാണ് പരിശോധന. പലയിടത്തും ഇതിനോടകം റെയ്ഡ് പൂര്‍ത്തിയാക്കി എന്‍ഐഎ ഉദ്യോഗസ്ഥര്‍ മടങ്ങി. മാസങ്ങള്‍ക്ക് മുന്‍പ് രാജ്യവ്യാപകമായി പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ സമാനമായ രീതിയില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പിഎഫ്‌ഐ നിരോധിക്കുന്നത്. എന്നാല്‍ പിഎഫ്‌ഐ നിരോധനത്തിന് ശേഷവും ചില നേതാക്കളും പ്രവര്‍ത്തകരും രഹസ്യാന്വേഷണ ഏജന്‍സികളുടേയും എന്‍ഐഎയുടേയും നിരീക്ഷണത്തിലായിരുന്നു. നിരോധനത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് ഈ റെയ്ഡ് എന്നാണ് സൂചന.

മലപ്പുറത്തും പോപ്പുലര്‍ ഫ്രണ്ട് മുന്‍ നേതാക്കളുടെ വീടുകളില്‍ പരിശോധന തുടരുകയാണ്. നാലിടങ്ങളിലാണ് ഒരേ സമയം പരിശോധന. മുന്‍പ് അറസ്റ്റിലായ ദേശീയ പ്രസിഡന്റ് ഒഎംഎ സലാമിന്റെ സഹോദരന്റെ മഞ്ചേരിയിലെ വീട്ടിലും റെയ്ഡ് നടന്നു. ഒരേ സമയം മഞ്ചേരിയിലും കോട്ടയ്ക്കലും വളാഞ്ചേരിയിലും റെയ്ഡ് നടക്കുകയാണ്. മണ്ണാര്‍ക്കാട് കോട്ടോപ്പാടത്തും എന്‍ഐഎ പരിശോധന നടക്കുകയാണ്. മലപ്പുറം സോണല്‍ പ്രസിഡന്റ് ആയിരുന്ന നാസര്‍ മൗലവി എന്ന വ്യക്തിയുടെ വീട്ടിലാണ് റെയ്ഡ്.

കോഴിക്കോട് ജില്ലയില്‍ മാവൂരിലും നാദാപുരത്തുമാണ് റെയ്ഡ് നടന്നത്. നാദാപുരത്തെ പി.എഫ്.ഐ പ്രവര്‍ത്തകന്‍ നൗഷാദിന്റെ വീട്ടില്‍ എന്‍ഐഎ സംഘം പരിശോധന നടത്തി. കോഴിക്കോട് പാലേരിയിലും എന്‍ഐഎ പരിശോധന നടത്തി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top