നെയ്യാറ്റിന്‍കര ആത്മഹത്യ: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ ആത്മഹത്യാ കുറിപ്പ്; ഭര്‍ത്താവും ബന്ധുക്കളും കസ്റ്റഡിയില്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം നിര്‍ണായക വഴിത്തിരിവിലേക്ക്. ആത്മഹത്യക്ക് കാരണം ഭര്‍ത്താവും ബന്ധുക്കളും എന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഇവര്‍ ആത്മഹത്യ ചെയ്ത മുറിയുടെ ചുമരിലാണ് ഒട്ടിച്ച നിലയില്‍ ഇത് കണ്ടെത്തിയത്.

മരണത്തിന് കാരണം കൃഷ്ണമ്മ, ശാന്ത, കാശി,ചന്ദ്രന്‍ എന്നിവരാണെന്നും സ്ത്രീധനത്തിന്റെ പേരിലും നിരന്തരം പീഡിപ്പിച്ചതായും കുറിപ്പില്‍ പറയുന്നു. ജപ്തി നടപടി വന്നിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ല. വസ്തു വില്‍പ്പനയ്ക്ക് വന്നപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ ഒന്നും ചെയ്തില്ല. മന്ത്രവാദ തറയില്‍ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചു. നാല്‌പേരാണ് മരണത്തിന് കാരണമെന്നും കുറിപ്പില്‍ പറയുന്നു. ഇതെ തുടര്‍ന്ന് ചന്ദ്രനേയും അമ്മയേയും സഹോദരിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ എടുത്തതെന്നും ബാങ്കിന്റെ കാര്യങ്ങള്‍ ആത്മഹത്യകുറിപ്പിലില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതുണ്ടെന്നും ഡിവൈഎസ്പി വിനോദ് പറഞ്ഞു.

ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് ലേഖയും മകളും തീകൊളിത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വൈഷ്ണവി വീട്ടില്‍ വെച്ചും ലേഖ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഇതെ തുടര്‍ന്ന് ഭര്‍ത്താവ് ചന്ദ്രന്‍ കനറാബാങ്ക് അധികൃതര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുള്ള മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related Articles