Section

malabari-logo-mobile

ഇന്ത്യക്ക് തോല്‍വി; പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ന്യൂസിലന്‍ഡിന്

HIGHLIGHTS : India lose; New Zealand wins first World Test Championship

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ മറികടന്ന് കെയ്ന്‍ വില്യംസണും സംഘവും കിരീടത്തില്‍ മുത്തമിട്ടിരിക്കുന്നു. എട്ട് വിക്കറ്റിനാണ് കിവീസ്, ഇന്ത്യന്‍ ടീമിനെ തകര്‍ത്തത്. അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന നായകന്‍ വില്യംസണിന്റെ പ്രകടനമാണ് ന്യൂസിലന്‍ഡിന് വിജയം അനായാസമാക്കിയത്. റോസ് ടെയ്‌ലര്‍ പുറത്താകാതെ 47 റണ്‍സ് നേടി. 21 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലന്‍ഡ് ഒരു ഐ സി സി ട്രോഫിയില്‍ മുത്തമിടുന്നത്. 2000ലെ ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയാണ് ന്യൂസിലന്‍ഡ് അവസാനമായി നേടിയത്.

മഴ രസം കൊല്ലിയായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിന്റെ റിസേര്‍വ് ദിനത്തിന്റെ അവസാന നിമിഷങ്ങളിലാണ് ന്യൂസിലന്‍ഡ് വിജയികളായത്. റിസേര്‍വ് ദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലന്‍ഡ് മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ 44 റണ്‍സ് നേടുമ്പോഴേക്കും ഓപ്പണര്‍മാരെ അശ്വിന്‍ മടക്കി. ശേഷം ക്രീസിലൊരുമിച്ച നായകന്‍ വില്യംസണും റോസ് ടെയ്‌ലറും വളരെ ഭംഗിയായി ഇന്നിങ്സ് മുന്നോട്ട് നയിച്ചു. സ്‌കോര്‍ 82ല്‍ നില്‍ക്കുമ്പോല്‍ ടെയ്‌ലറെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം സ്ലിപ്പില്‍ പുജാര നഷ്ടപ്പെടുത്തി. ഇരുവരും കൃത്യമായ ഇടവേളകളില്‍ സ്‌കോര്‍ ചെയ്തുകൊണ്ട് ടീമിനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു.

sameeksha-malabarinews

ഫൈനലിലെ രണ്ടാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡ് ബൗളിംഗ് നിരയ്ക്ക് മുന്നില്‍ ഇന്ത്യന്‍ ടീം തകര്‍ന്നടിയുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ വെറും 138 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്ക് ന്യൂസിലന്‍ഡിന് നേരെ ഉയര്‍ത്താന്‍ കഴിഞ്ഞത്. 170 റണ്‍സ് നേടുമ്പോഴേക്കും ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെല്ലാം കൂടാരം കയറി. 41 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്റ്റാര്‍ പേസര്‍ ടിം സൗത്തിയുടെ നാല് വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കഥ കഴിച്ചത്. ന്യൂസിലന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് മൂന്നും കെയ്ല്‍ ജാമിസണ്‍ രണ്ടും വിക്കറ്റുകള്‍ നേടി.

രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടേയും(81പന്തില്‍ 30) ശുഭ്മാന്‍ ഗില്ലിന്റേയും(33 പന്തില്‍ എട്ട്) വിക്കറ്റുകളാണ് ആദ്യം നഷ്ടമായത്. അഞ്ചാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് എന്ന നിലയിലായിരുന്നു. 64 എന്ന നിലയില്‍ ഇന്ന് റിസേര്‍വ് ദിനത്തില്‍ ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യക്ക് ഏഴ് റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും നായകന്‍ കോഹ്ലിയെയും നഷ്ടമായി. രണ്ടാം ഇന്നിങ്സിലും ജാമിസണിനു മുന്നിലാണ് കോഹ്ലി അടിയറവ് പറഞ്ഞത്. ഇത്തവണ ഓഫ് സ്റ്റമ്പിന് പുറത്ത് കുത്തി ഉയര്‍ന്ന പന്തില്‍ ബാറ്റുവെച്ച കോഹ്ലി വിക്കറ്റ് കീപ്പര്‍ ബി ജെ വാട്ലിം?ഗിന് അനായാസ ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ഒരു റണ്‍സ് കൂടി നേടിയപ്പോഴേക്കും ചേതേശ്വര്‍ പുജാരയെയും(15) ഇന്ത്യയ്ക്ക് നഷ്ടമായി. കൈല്‍ ജാമിസണ്‍ തന്നെയായിരുന്നു വിക്കറ്റ് നേടിയത്.

തുടര്‍ന്ന് അജിങ്ക്യ രഹാനെയും റിഷഭ് പന്തും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 37 റണ്‍സ് നേടിയെങ്കിലും ബോള്‍ട്ട് 15 റണ്‍സ് നേടിയ രഹാനെയെ പവലിയനിലേക്ക് മടക്കി. ആറാം വിക്കറ്റില്‍ പന്തും ജഡേജയുമാണ് ഇന്ത്യയുടെ ഇന്നിങ്‌സ് മികച്ച രീതിയില്‍ മുന്നോട്ട് നയിച്ച് ലഞ്ച് വരെ എത്തിച്ചത്. പന്തിനെ പുറത്താക്കാനുള്ള ഒരു സുവര്‍ണാവസരം സൗത്തി സ്ലിപ്പില്‍ നഷ്ടപ്പെടുത്തിയിരുന്നു. നാലു റണ്‍സെടുത്ത് നില്‍ക്കെ ജാമിസണിന്റെ പന്തില്‍ റിഷഭ് പന്ത് രണ്ടാം സ്ലിപ്പില്‍ നല്‍കിയ ക്യാച്ച് ടിം സൗത്തി കൈവിട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ നില കൂടുതല്‍ പരുങ്ങലിലാകുമായിരുന്നു. എന്നാല്‍ ലഞ്ചിന് ശേഷം മത്സരം പുനരാരംഭിച്ച് അധികം വൈകാതെ തന്നെ ജാഡേജയെ നീല്‍ വാഗ്നര്‍ വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തിച്ചു. സ്‌കോര്‍ 156ല്‍ എത്തിയപ്പോള്‍ 41 റണ്‍സെടുത്ത് പന്തും പുറത്തായി. മധ്യ നിരയും വാലറ്റവും ക്രീസില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ ഇന്ത്യന്‍ ഇന്നിങ്സ് 138 റണ്‍സ് ലീഡുമായി അവസാനിക്കുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!