റോഡ് സുരക്ഷയില്‍ സംസ്ഥാനത്തെ രാജ്യത്തിന് മാതൃകയാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍, കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

വാഹനമോടിക്കുന്നതിന് കൃത്യമായ പരിശീലനം നല്‍കി കേരളത്തെ റോഡ് സുരക്ഷയുടെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാലങ്ങളായി നടത്തിവന്ന ഡ്രൈവിംഗ് പരിശീലനത്തിലെയും പരീക്ഷകളിലെയും ന്യൂനതകള്‍ പരിഹരിക്കാനാണ് നിലവിലെ ഡ്രൈവിംഗ് ടെസ്റ്റ് സമ്പ്രദായത്തില്‍ റോഡ് സുരക്ഷ മുന്‍നിര്‍ത്തി പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഏത് പരിഷ്‌ക്കാരം വരുമ്പോഴും അതിനോട് ചില എതിര്‍പ്പുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ഇത്തരം പരിഷ്‌കാരങ്ങളുടെ ഉദ്ദേശശുദ്ധി ബോധ്യപ്പെടുന്നതോടെ അവയെല്ലാം ഇല്ലാതായിത്തീരുമെന്നത് അനുഭവത്തില്‍ നിന്നു വ്യക്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മിതമായ നിരക്കില്‍ മികച്ച ഡ്രൈവിങ് പരിശീലനം എന്ന സന്ദേശവുമായി കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

റോഡ്‌സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. കാരണം, ഓരോ ജീവനും വിലപ്പെട്ടതാണ്. റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കാത്തതുകൊണ്ടും ഓടിക്കുന്ന വാഹനങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണയില്ലാത്തതുകൊണ്ടും ഒരു ജീവന്‍പോലും നമ്മുടെ നാട്ടില്‍ നഷ്ടപ്പെടരുത്. അതുകൊണ്ടാണ് നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നു എന്നുറപ്പു വരുത്താനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അവയ്ക്കു പുറമെയാണ് വാഹനങ്ങള്‍ ഓടിക്കുന്നതിനു കൃത്യമായ പരിശീലനം കൂടി സര്‍ക്കാര്‍ തലത്തില്‍ നല്‍കാനൊരുങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡ്രൈവിങ് ടെസ്റ്റുകളുടെ കാര്യക്ഷമത അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുന്നതിനും സുതാര്യമാക്കുന്നതിനും പുതിയ പരിശീലന പദ്ധതി സഹായിക്കും. കെഎസ്ആര്‍ടിസിയുടെ ആഭിമുഖ്യത്തില്‍ മിതമായ നിരക്കില്‍ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതിന് ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകള്‍ പൊതുജനങ്ങള്‍ക്ക് ഏറെ ഗുണകരമായ ഒന്നാണ്. ഇതുവരെ സ്വകാര്യ സ്ഥാപനങ്ങളാണ് ഇത്തരം പരിശീലന കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചുവന്നിരുന്നത്. ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്തെ ഒരു പ്രധാന പൊതുമേഖലാ സ്ഥാപനം തികച്ചും പ്രൊഫഷണല്‍ മാനദണ്ഡങ്ങളോടെ ഇത്തരമൊരു പരിശീലന കേന്ദ്രത്തിന് തുടക്കമിടുകയാണ്. മാതൃകാപരമായ കാര്യമാണിത്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിഷ്‌ക്കര്‍ഷിക്കുന്ന അക്രഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളുടെ രീതിയാണ് കെഎസ്ആര്‍ടിസിയും സ്വീകരിച്ചിട്ടുള്ളത്. കൃത്യമായ ഷെഡ്യൂള്‍ അനുസരിച്ചാണ് പരിശീലനം ലഭ്യമാക്കുക. കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടുകളാണ് ഇതിന് ഉപയോഗിക്കുക. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നവരെയാണ് ഈ സ്‌കൂളുകളില്‍ പരിശീലകരായി നിയോഗിച്ചിട്ടുള്ളത്. സ്ത്രീകള്‍ക്കായി വനിതാ പരിശീലകരെയും നിയോഗിച്ചിട്ടുണ്ട്.

കേവലം പ്രാക്ടിക്കല്‍ ക്ലാസുകള്‍ മാത്രമല്ല വാഹനങ്ങളുടെ യന്ത്രഭാഗങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്ന തിയറി ക്ലാസുകളും ഉണ്ടാകും. ഹെവി വാഹന പരിശീലനത്തിനൊഴികെ മറ്റെല്ലാ പരിശീലനങ്ങള്‍ക്കും പുതിയ വാഹനങ്ങളാണ് ഉപയോഗിക്കുക. സ്വകാര്യ സ്ഥാപനങ്ങളെക്കാള്‍ കുറഞ്ഞ നിരക്കാണ് ഇവിടെ പരിശീലന ഫീസായി ഈടാക്കുക. ഹെവി വാഹനങ്ങള്‍ക്കുള്ള ഡ്രൈവിംഗ് പരിശീലനത്തിന് 9,000 രൂപയും ഇരുചക്ര വാഹന പരിശീലനത്തിന് 3,500 രൂപയുമാണ് ഫീസ്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കിലും ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യനിരക്കിലും പരിശീലനം നല്‍കാനും ആലോചിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച പദ്ധതി സമര്‍പ്പിക്കാന്‍ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകളുടെ ഡയറ്കടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

പ്രതിവര്‍ഷം എട്ടു ലക്ഷത്തോളം ചെറുതും വലുതുമായ വാഹനങ്ങളാണ് പുതുതായി നമ്മുടെ നിരത്തിലിറങ്ങുന്നത്. പൊതുനിരത്തുകളിലെ വാഹന ബാഹുല്യവും സുരക്ഷിതമല്ലാത്ത ഡ്രൈവിംഗുമാണ് റോഡപകടങ്ങള്‍ക്കുള്ള പ്രധാന കാരണം. റോഡപകടങ്ങളില്‍ ഏറിയ പങ്കും ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഒഴിവാക്കിയേ മതിയാകൂ. വിലപ്പെട്ട ഒരു ജീവന്‍ പോലും നമ്മുടെ അശ്രദ്ധ മൂലം നഷ്ടപ്പെടരുത്.

നല്ല അച്ചടക്കത്തോടും പരസ്പര ബഹുമാനത്തോടും കൂടി വാഹനമോടിക്കുക എന്നത് പ്രധാനമാണ്. അത്രതന്നെ പ്രധാനമാണ് നമ്മുടെ റോഡിന്റെ പരിതസ്ഥിതികള്‍ക്കനുസൃതമായി സുരക്ഷയോടെ വാഹനം ഓടിക്കുക എന്നതും. ഇത് പഠിപ്പിക്കാന്‍ കഴിയുന്നത് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ക്കാണ്. എന്നാല്‍ പലപ്പോഴും അവിടങ്ങളില്‍ ഇതുണ്ടാകുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത.

പരിശീലനത്തിനായി ചേരുന്ന ഒരാള്‍ക്ക് എങ്ങനെയെങ്കിലും ലൈസന്‍സ് എടുത്തുകൊടുക്കുക എന്നതു മാത്രമല്ല ഡ്രൈവിംഗ് പരിശീലന സ്ഥാപനങ്ങളുടെ ചുമതല. സംസ്‌കാര സമ്പന്നമായ നമ്മുടെ സമൂഹത്തിന് ചേര്‍ന്ന നിലയില്‍ വാഹനം കൈകാര്യം ചെയ്യുന്നതിനുള്ള ബോധവത്ക്കരണം നല്‍കുക എന്നതും അവയുടെ ചുമതലയാണ്. ഈ ചുമതലയെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ ഏറ്റെടുക്കാന്‍ കെ എസ് ആര്‍ ടി സി ഡ്രൈവിംഗ് സ്‌കൂളിന് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. നല്ല ഡ്രൈവിങ് സംസ്‌കാരമുള്ള, പരസ്പര ബഹുമാനമുള്ള, അച്ചടക്കവും പ്രാപ്തിയുമുള്ള ഡ്രൈവര്‍മാരെ സൃഷ്ടിക്കാന്‍ കെഎസ് ആര്‍ ടി സി ഡ്രൈവിങ് സ്‌കൂളിന് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെഎസ്ആര്‍ടിസി ഇന്ന് സംസ്ഥാനത്ത് ചരിത്രം സൃഷ്ടിക്കുകയാണെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ഡ്രൈവിങ് സ്‌കൂളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. ഒരു ഡ്രൈവിങ് സ്‌കൂള്‍ എങ്ങിനെ നടത്തണം എന്നതിന് മാതൃകയാക്കാവുന്ന സ്ഥാപനമായിരിക്കും കെഎസ്ആര്‍ടിസിയുടെ സ്‌കൂള്‍. ഇവിടെ നിന്ന് ലൈസന്‍സ് എടുക്കുന്ന പഠിതാവിന് അന്ന് തന്നെ സ്വന്തം വാഹനം ഓടിക്കാന്‍ പര്യാപ്തരായിരിക്കും. ലൈസന്‍സ് ഉണ്ട്, വണ്ടിയോടിക്കാന്‍ അറിയില്ല എന്ന നിലവിലെ അവസ്ഥ ഇല്ലാതാക്കും. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ഡ്രൈവിങ് സ്‌കൂള്‍ തുടങ്ങുന്നത്. മികച്ച പാഠ്യപദ്ധതിയാണ് സ്‌കൂളിനായി തയ്യാറാക്കിയിട്ടുള്ളത്. ഡ്രൈവിങ് പാഠപുസ്തകം, ഡ്രൈവിങ് പഠനത്തിനുള്ള ആപ്പ്, മോക് എക്‌സാമിനേഷന്‍, സിമുലേറ്റര്‍ തുടങ്ങിയവയടക്കം എല്ലാ ആധുനിക സൗകര്യങ്ങളൊടെയുമാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ 22 ഇടങ്ങളില്‍ ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 14 ഇടങ്ങളിലാണ് സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങുകയെന്നും മന്ത്രി പറഞ്ഞു. പാറശ്ശാല, ഈഞ്ചക്കല്‍, ആറ്റിങ്ങല്‍, ആനയറ, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാല, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, നിലമ്പൂര്‍, പൊന്നാനി, എടപ്പാള്‍, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങിലാണ് ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കുക.

പുതിയ ഡ്രൈവിങ് ടെസ്റ്റ് സംബന്ധിച്ച് ആര്‍ക്കും ആശങ്കവേണ്ടെന്നും ഹൈക്കോടതി നിര്‍ദേശപ്രകാരമായിരിക്കും നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ മുഖ്യാഥിതിയായി. ഹെവിമോട്ടോര്‍വെഹിക്കിള്‍ ലൈസന്‍സ്, ലൈറ്റ് മോട്ടോര്‍വെഹിക്കിള്‍ ലൈസന്‍സ്, ടൂവീലര്‍ ലൈസന്‍സ്, ടൂവീലര്‍ വിത്തൗട്ട് ഗിയര്‍ ലൈസന്‍സ് എന്നിവ എടുക്കുന്നതിനുള്ള ആദ്യ പഠിതാക്കള്‍ക്കുള്ള അഡ്മിഷനും ചടങ്ങില്‍ നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ ഡി ജി കുമാരന്‍, കെഎസ്ആര്‍ടിസി ഫിനാന്‍സ് ഓഫീസര്‍ എ ഷാജി, കെഎസ്ആര്‍ടിസിയിലെ വിവിധ യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെഎസ്ആര്‍ടിസി സിഎംഡി പി എസ് പ്രമോജ് ശങ്കര്‍ സ്വാഗതവും സ്റ്റാഫ് ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പല്‍ സലീംകുമാര്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top