തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏകദേശം 9.80 കോടി രൂപയാണ് ധര്‍മ്മരാജന്‍ തൃശ്ശൂരില്‍ എത്തിച്ചതെന്ന നിര്‍ണായക വിവരം അന്വേഷണസംഘത്തിന് ലഭിച്ചു. ഇതില്‍ 6.30 കോടി രൂപ തൃശ്ശൂരില്‍ ഏല്‍പിച്ചു. ബാക്കി തുകയുമായി പോകുന്നതിനിടെയാണ് കവര്‍ച്ച നടന്നതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
പരാതിക്കാരന്‍ ധര്‍മ്മരാജന്‍ നേരത്തെയും കേരളത്തിലേക്ക് കുഴല്‍പ്പണം എത്തിച്ചുട്ടുണ്ടെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. കവര്‍ച്ചാ കേസിന് പുറമേ, പണം എങ്ങനെ എത്തിച്ചു?, എവിടെ നിന്ന് എത്തിച്ചു?, എത്ര പണം എത്തിച്ചു? എന്നീ കാര്യങ്ങളും പൊലീസ് അന്വേഷിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
6.30 കോടി തൃശ്ശൂര്‍ ജില്ലയ്ക്കു വേണ്ടി മാത്രമാണ് നല്‍കിയത്. രണ്ടു കോടി രൂപ തൃശ്ശൂര്‍ മണ്ഡലത്തിനുവേണ്ടി മാത്രം നല്‍കിയെന്നും വിവരം പുറത്തെത്തുന്നുണ്ട്. ബാക്കി തുക ജില്ലയിലെ എ ക്ലാസ് മണ്ഡലങ്ങളിലേക്കു കൂടി വിഭജിച്ച് നല്‍കുകയായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുഴല്‍പ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും തെരഞ്ഞടുപ്പിന് പണം കണ്ടെത്തുന്നതിനു വേണ്ടി കുഴല്‍പ്പണ ഇടപാടുകാരെ പാര്‍ട്ടി നേതൃത്വം ഏര്‍പ്പെടുത്തിയെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.




