കേരളത്തിന്റെ ചരിത്രരേഖകള്‍ സംരക്ഷിക്കുന്നതില്‍ നിര്‍ണായക ചുവടുവെപ്പായി, കേരള പൊതുരേഖാ ബില്‍ നിയമസഭ പാസ്സാക്കി. പുരാരേഖകളുടെ സംരക്ഷണത്തിനായി ഒരു നൂറ്റാണ്ടിലധികം മുന്‍പ് വകുപ്പ് രൂപീകരിച്ച സംസ്ഥാനത്ത്, ആദ്യമായാണ് രേഖകള്‍ സംരക്ഷിക്കാന്‍ ഒരു നിയമം വരുന്നത്. 1976 ല്‍ ഒരു ഉത്തരവിലെ നയതീരുമാനത്തില്‍ വ്യവസ്ഥ ചെയ്തത് അനുസരിച്ചാണ് നിലവില്‍ സംസ്ഥാനത്ത് പൊതുരേഖകള്‍ സംരക്ഷിച്ചുവരുന്നത്.
പുരാവസ്തു-പുരാരേഖാ-മ്യൂസിയം-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് സെലക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ടോടു കൂടി ബില്‍ സഭയില്‍ അവതരിപ്പിച്ചത്. 2023 സെപ്റ്റംബര്‍ 7-ന് അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഈ ബില്‍, 2024 ജൂലൈ 11-നാണ് സഭയില്‍ ആദ്യമായി അവതരിപ്പിച്ചത്. തുടര്‍ന്ന് ഇത് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കായി അയയ്ക്കുകയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും കമ്മിറ്റി നടത്തിയ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ബില്ലിന് അന്തിമരൂപം നല്‍കിയത്. സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കമ്മീഷനുകള്‍, ബോര്‍ഡുകള്‍, കമ്മിറ്റികള്‍ എന്നിവയിലെ പൊതുരേഖകളുടെ മൂല്യനിര്‍ണയം, ശേഖരണം, തരംതിരിക്കല്‍, സംരക്ഷണം, ഭരണനിര്‍വഹണം എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരും. താളിയോലകള്‍ മുതല്‍ ഡിജിറ്റല്‍ രേഖകള്‍ വരെയുള്ള പൊതുരേഖകളുടെ സംരക്ഷണത്തിനായി ഒരു ദ്വിതല സംവിധാനം ഏര്‍പ്പെടുത്തുന്നു എന്നതാണ് ബില്ലിന്റെ പ്രധാന സവിശേഷത.
രേഖകള്‍ ഉണ്ടാക്കുന്ന എല്ലാ സ്ഥാപനങ്ങളും അവരുടെ രേഖകള്‍ സംരക്ഷിക്കുന്നതിനായി റെക്കോര്‍ഡ് മുറികള്‍ സജ്ജീകരിക്കണമെന്നും അവയുടെ സംരക്ഷണത്തിനായി ഒരു റെക്കോര്‍ഡ് ഓഫീസറെ ചുമതലപ്പെടുത്തണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതാണ് പൊതുരേഖാ സംരക്ഷണത്തിന്റെ പ്രാഥമിക തലം. ഇത്തരം രേഖകളില്‍ പുരാരേഖാ മുല്യമുള്ള രേഖകള്‍ 25 വര്‍ഷത്തിനു ശേഷം മൂല്യനിര്‍ണ്ണയം നടത്തി സംസ്ഥാന ആര്‍ക്കൈവ്സിലേക്ക് മാറ്റുന്നതിനും അവ ശാസ്ത്രീയമായി സംരക്ഷിച്ച് ഗവേഷകര്‍ക്കും പഠിതാക്കള്‍ക്കും ലഭ്യമാക്കുന്നതിനും ബില്ല് വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ കൈവശമുള്ള പുരാരേഖാ മൂല്യമുള്ള രേഖകള്‍ വിലകൊടുത്തോ സമ്മാനമായോ സംസ്ഥാന ആര്‍ക്കൈവ്സിലേക്ക് സ്വീകരിക്കുന്നതിനുളള വ്യവസ്ഥയും ബില്ലിലുണ്ട്. രേഖാസംരക്ഷണത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് ആര്‍ക്കൈവല്‍ അഡൈ്വസറി ബോര്‍ഡും നിര്‍ദേശിച്ചിട്ടുണ്ട്. ബോര്‍ഡില്‍ വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍ അംഗങ്ങളായിരിക്കും. നിയമപരമായി രേഖകള്‍ കൈമാറുന്നതിനുള്ള വ്യവസ്ഥകളും, രേഖകള്‍ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താല്‍ ലഭിക്കാവുന്ന ശിക്ഷകളും ഈ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുന്ന പൊതുരേഖകളുടെ സംരക്ഷണത്തിന് അടിസ്ഥാനപരമായ ദിശാബോധവും നിയമപരമായ പിന്‍ബലവും നല്‍കുന്നതാണ് കേരള പൊതുരേഖാ ബില്ലെന്നും ഏറ്റവും അടിത്തട്ടിലുള്ള ഓഫീസുകള്‍ മുതല്‍ വകുപ്പു തലവന്മാരുടെ കാര്യാലയങ്ങളും സെക്രട്ടറിയേറ്റും വരെയുള്ള ഓഫീസുകളിലെ പൊതുരേഖകള്‍ സംരക്ഷിക്കുന്നതിനുള്ള ക്രമീകരിക്കപ്പെട്ട ഒരു സംവിധാനം ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വന്നു ചേരുമെന്നും അത് പുരാരേഖാസംരക്ഷണത്തെ കാര്യക്ഷമമാക്കുമെന്നും പുരാരേഖാ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് എസ്. പാര്‍വ്വതി പറഞ്ഞു.




