തിരൂരങ്ങാടി:വേങ്ങര ആസ്ഥാനമായി പുതിയ എക്‌സൈസ് റേഞ്ച് ഓഫീസ് അനുവദിക്കണമെന്ന് തിരൂരങ്ങാടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. നിലവില്‍ തിരൂരങ്ങാടി ആസ്ഥാനമായ റേഞ്ച് ഓഫീസിന്റെ പരിധി താലൂക്ക് പരിധിയില്‍ കവിഞ്ഞതും ഓഫീസിലെ ജീവനക്കാര്‍ 1977ലെ സ്റ്റാഫ് പാറ്റേണ്‍ പ്രകാരമായതിനാലും വര്‍ധിച്ചു വരുന്ന മദ്യം-മയക്കുമരുന്നു കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ റേഞ്ചിന് കീഴിലെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും യോഗം നിരീക്ഷിച്ചു.
നിലവില്‍ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന തെന്നല വില്ലേജ് ഓഫീസും പഞ്ചായത്തിന്റെ പുതിയ എം.സി.എഫ് നു വേണ്ടിയുള്ള കെട്ടിടവും തെന്നല-കറുത്താലിലെ റവന്യൂ ഭൂമിയിലേക്ക് മാറ്റുന്നതിന് വേണ്ടിയുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ സമിതി ആവശ്യപ്പെട്ടു.
കൂടാതെ എ ആര്‍ നഗര്‍ വില്ലേജിലെ വി കെ പടി എന്ന സ്ഥലത്തെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമുള്ള ഉപയോഗശൂന്യമായ ഭൂമിയില്‍ തിരൂരങ്ങാടി റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിനു ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനു അനുമതി നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ചെമ്മാട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ട്രാഫിക് റെഗഗുലേറ്ററി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ആര്‍.ടി.ഒ യ്ക്കും പോലീസിനും സമിതി നിര്‍ദ്ദേശം നല്‍കി.
തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയിലെ ചെമ്മാട് ഉള്ള മത്സ്യമാര്‍ക്കറ്റിന്റെ ലൈസന്‍സ് പുതുക്കുമ്പോള്‍ സര്‍ക്കാര്‍/മുന്‍സിപ്പല്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാന്‍ മുന്‍സിപ്പാലിറ്റിക്ക് സമിതി നിര്‍ദ്ദേശം നല്‍കി.
പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയില്‍ കക്കാട് മുതല്‍ ചെമ്മാട് വരെയുള്ള ഭാഗത്തെ കയ്യേറ്റം നീക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന പരപ്പനങ്ങാടി ഉള്ളണത്തെ ലിറ്റില്‍ ഹാര്‍ട്ട് ഇംഗ്ലീഷ് സ്‌കൂള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുവാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കു സമിതി നിര്‍ദ്ദേശം നല്‍കി.
തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസിലെയും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെയും വാഹനങ്ങള്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ ആയതിനാല്‍ ഉപയോഗ ശുന്യമായതാണ് . എന്നാല്‍ നാളിതുവരെ പുതിയ വാഹനങ്ങള്‍ അനുവദിച്ചിട്ടില്ല. വാഹനമില്ലായ്മ ഓഫീസ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ വാഹനങ്ങള്‍ ഉടന്‍ അനുവദിക്കണമെന്ന് ബന്ധപ്പെട്ടവരോട് യോഗം ആവശ്യപ്പെട്ടു.
സമിതി യോഗത്തിന് തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് സാജിത അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി തഹസില്‍ദാറും തിരൂരങ്ങാടി താലൂക്ക് വികസന സമിതി കണ്‍വീനറുമായ സാദിഖ് പി ഒ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സമിതിയില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



