HIGHLIGHTS : Nenmara double murder case; accused Chenthamara remanded
പാലക്കാട്:നെന്മാറ ഇരട്ടകൊലപാതകക്കേസ് പ്രതി ചെന്താമരയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ആലത്തൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. ഫെബ്രുവരി 12 വരെയാണ് റിമാന്‍ഡ് കാലാവധി.
ഒരു കുറ്റബോധവുമില്ലാതെ കോടതിയില്‍ നിന്ന ചെന്താമരയോട് മറ്റ് പരിക്കുകള്‍ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ തനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്നും താന്‍ എല്ലാം ചെയ്തത് ഒറ്റക്കാണെന്ന് ചെന്താമര പറഞ്ഞു. നൂറുവര്‍ഷം തന്നെ ശിക്ഷിക്കൂവെന്നും മകളുടെയും മരുമകന്റെയും മുന്നില്‍ തല കാണിക്കാന്‍ പറ്റില്ലെന്നും ചെന്താമര കോടതിയില്‍ പറഞ്ഞു. തന്ത്രപരമായ നീക്കത്തിനൊടുവിലാണ് നെന്മാറ ഇരട്ടക്കൊലപാതകത്തിലെ പ്രതി ചെന്താമരനെപൊലീസ് പിടികൂടിയത്. രാത്രി നെന്മാറ മാട്ടായിയില്‍ കൂട്ടതിരച്ചില്‍ നടന്ന സമയത്ത് തന്നെ പ്രതി പോലീസ് കസ്റ്റഡിയിലാവുകയായിരുന്നു.
27നാണ് നെന്മാറയില്‍ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയായ ചെന്താമര അയല്‍വാസികളായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്‍, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്.ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. വീട്ടില്‍ അതിക്രമിച്ച് കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഭാര്യ പിണങ്ങിപ്പോയതിന് കാരണം നീണ്ട മുടിയുള്ള സ്ത്രീയാണെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് അന്ധവിശ്വാസിയായ ചെന്താമര സജിതയെ കൊലപ്പെടുത്തിയതെന്നും വിവരമുണ്ടായിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ മനസിലായത് പ്രതി നടത്തിയത് ആസൂത്രിത കൊലപാതകമാണെന്ന് പാലക്കാട് എസ്പി അജിത് കുമാര്‍ ഐപിഎസ് പറഞ്ഞു. നല്ല മുന്നൊരുക്കത്തോടുകൂടിയാണ് എല്ലാം ചെയ്തിരിക്കുന്നതെന്നും എസ്പി പറഞ്ഞു.