യുവജന ക്ഷേമ കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിന് നെഹ്റു യുവകേന്ദ്ര അപേക്ഷ ക്ഷണിച്ചു. ആരോഗ്യം, കുടുംബക്ഷേമം, ശുചീകരണ പ്രവര്‍ത്തനം, തൊഴില്‍ പരിശീലനം, നൈപുണ്യ പരിശീലനം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം,സാക്ഷരത -വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക ക്ഷേമ പ്രവര്‍ത്തനം ദേശീയ-അന്തര്‍ദേശീയ ബോധവല്‍ക്കരണം തുടങ്ങിയ മേഖലകളില്‍ 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള സമിതിയാണ് അവാര്‍ഡിനര്‍ഹമായ സംഘടനയെ തെരഞ്ഞെടുക്കുന്നത്.
ജില്ലാതല അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെടുന്ന യൂത്ത് ക്ലബ്ബിന് 25,000 രൂപയും പ്രശസ്തി പ്രതവും നല്‍കും. 75,000 രൂപയുടെ സംസ്ഥാനതല അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്യും. സംസ്ഥാന അവാര്‍ഡ് നേടുന്ന പക്ഷം ദേശീയ അവാര്‍ഡിന് പരിഗണിക്കും. ദേശീയ തലത്തില്‍ 3 ലക്ഷം, ഒരു ലക്ഷം 50,000 രൂപ ക്രമത്തില്‍ മൂന്ന് അവാര്‍ഡുകള്‍ ആണ് ഉള്ളത്. കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷ നല്‍കേണ്ടതില്ല.
ജില്ലാതല അവാര്‍ഡിന് കോഴിക്കോട് നെഹ്റു യുവകേന്ദ്രത്തില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടത്തിയ പരിപാടികളുടെ റിപ്പോര്‍ട്ട്, ഫോട്ടോ, പത്ര കട്ടിങ്ങുകള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കുകള്‍ എന്നിവ സഹിതം ഡിസംബര്‍ ഒന്നിനകം ജില്ലാ യൂത്ത് ഓഫീസര്‍, നെഹ്റു യുവകേന്ദ്ര, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. അപേക്ഷാഫോറം ലഭിക്കുന്നതിന് kozhikodenyk@gmail.com എന്ന ഈമെയിലില്‍ അപേക്ഷിക്കാമെന്ന് ജില്ലാ യൂത്ത് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2371891,9447752234




