മലപ്പുറം ഉള്‍പ്പെടെ ആറ് ജില്ലകളില്‍കൂടി എന്‍ഡിആര്‍എഫ് ടീമുകളെ വിന്യസിച്ചു

തിരുവനന്തപുരം: ദേശീയ ദുരന്ത പ്രതികരണ സേനയുടെ (NDRF) ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചു കഴിഞ്ഞു. ഇതുകൂടാതെ നാല് ടീമിനെക്കൂടി ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ വിന്യസിച്ചു. സംസ്ഥാനത്ത് നിലവില്‍ വിവിധ ജില്ലകളിലായി 11 NDRF ടീമിനെ വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഇവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഡിഫെന്‍സ് സെക്യൂരിറ്റി കോര്‍പ്സിന്റെ (DSC) ടീമുകള്‍ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചു.എയര്‍ഫോഴ്‌സിന്റെ രണ്ടു ചോപ്പറുകള്‍ തിരുവനന്തപുരം, കൊച്ചിയിലെ INS ഗരുഡ എന്നിവിടങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. നേവിയുടെ ഒരു ചോപ്പറും കൊച്ചിയില്‍ അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിരിക്കുകയാണ്.

സന്നദ്ധ സേനയും സിവില്‍ ഡിഫെന്‍സും അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിട്ടുണ്ട്.എന്‍ജിനിയര്‍ ടാസ്‌ക് ഫോഴസ് (ETF) കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളിക്ക് സമീപം കുടുങ്ങിക്കിടന്ന ആള്‍ക്കാരെ പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. നേവിയുടെ ഹെലികോപ്റ്റര്‍ എറണാകുളത്ത് നിന്നും 100 ഭക്ഷണപ്പൊതികള്‍ കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളില്‍ എത്തിച്ചിട്ടുണ്ട്.

കേരളത്തിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് നിരീക്ഷിക്കുന്ന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി 18 ന് ഉച്ചയ്ക്ക് അവലോകനയോഗം ചേര്‍ന്ന് ഡാമുകളിലെ വെള്ളം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് തുറന്നു വിടാന്‍ തീരുമാനിച്ചു.
സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം (SEOC) കൂടുതല്‍ സജീവമാക്കുകയും, ഡാമുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുവാന്‍ കെ.എസ്.സി.ബി, ജലസേചന വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, ആര്‍മി തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ SEOC ല്‍ 24 മണിക്കൂറും വിന്യസിച്ചു. പോലീസ്, ഫയര്‍ഫോഴ്സ്, ലാന്‍ഡ്‌റെവന്യു കണ്‍ട്രോള്‍റൂമുകളുമായും സംസ്ഥാന അടിയന്തരഘട്ട കാരൃനിര്‍വഹണ കേന്ദ്രം ആശയവിനിമയം നടത്തി വരുന്നു.

വിവിധ ജില്ലകളിലെ പ്രളയസാധ്യത മുന്നില്‍ കണ്ടുകൊണ്ട് അതത് ജില്ലകളിലെ സന്നദ്ധസേന പ്രവര്‍ത്തകര്‍, സിവില്‍ ഡിഫെന്‍സ് അംഗങ്ങള്‍, ആപ്തമിത്ര സന്നദ്ധ പ്രവര്‍ത്തകര്‍, ഇന്റര്‍ ഏജന്‍സി പ്രവര്‍ത്തകര്‍ എന്നിവര്‍ സജ്ജരായിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top