നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് തമിഴകത്തിന്റെ താര റാണി നയന്‍താരയുടെയും ഹിറ്റ് സംവിധായകന്‍ വിഘ്‌നേശ് ശിവന്റെയും വിവാഹം. ജൂണ്‍ ഒമ്പതിന് മഹാബലിപുരത്ത് വെച്ചായിരുന്നു വിവാഹം. ഗൗതം വാസുദേവ് മേനോന്‍ വിവാഹ വീഡിയോ സംവിധാനം ചെയ്യുന്നുവെന്നും നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുമെന്നും അന്നേ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് കേവലം വിവാഹ വീഡിയോ അല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍.
ലേഡി സൂപ്പര്‍സ്റ്റാറിനെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ആണ് താന്‍ ചെയ്യുന്നത് എന്ന് ഗൗതം വാസുദേവ് മേനോന്‍ വെളിപ്പെടുത്തി. ‘നയന്‍താര : ബിയോണ്ട് ദ ഫെയറിടെയില്‍’ എന്ന പേരിട്ട ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നതിലെ ആവേശവും അദ്ദേഹം പങ്കുവെച്ചു. നയന്‍താരയുടെ കുട്ടിക്കാല ഓര്‍മകളും ഫോട്ടോകളും സിനിമാ ലോകത്തെ യാത്രയും വിഗ്‌നേഷിനെ പരിചയപ്പെട്ടതും വിവാഹത്തിലെത്തിയതുമെല്ലാം വിവാഹ നിമിഷങ്ങളും ഡോക്യുമെന്ററിയിലുണ്ടാകും എന്ന് ഗൗതം വാസുദേവ് മേനോന്‍ വ്യക്തമാക്കി.
മഹാബലിപുരത്തെ ആഡംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ വച്ചായിരുന്നു നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാം. ആഡംബര റിസോര്‍ട്ട് പൂര്‍ണമായും ഒരാഴ്ച മുമ്പുതന്നെ വിവാഹത്തിനായി ബുക്ക് ചെയ്തിരുന്നു. തെക്കേയിന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള താരത്തിന്റെ വിവാഹം അതിന്റെ എല്ലാ പ്രൗഢിയിലും ബ്രാന്‍ഡ് ചെയ്യപ്പെട്ടിരുന്നു. കുടിവെള്ളക്കുപ്പിയില്‍ മുതല്‍ അതിഥികളുടെ ഡ്രസ് കോഡിലും വിവാഹവേദിയിലെ അലങ്കാരങ്ങളിലും വരെ അത് പ്രതിഫലിച്ചിരുന്നു. ഡിജിറ്റല്‍ ക്ഷണക്കത്തിനൊപ്പമുള്ള ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വിവാഹവേദിയിലേക്ക് പ്രവേശനം. സുരക്ഷാ ഉദ്യോഗസ്ഥരുടേയും ഇവന്റ് മാനേജ്‌മെന്റ് ടീമിന്റേയുമടക്കം ഫോണുകളുടെ ക്യാമറ സ്റ്റിക്കര്‍ ഉപയോഗിച്ച് മറച്ചിരുന്നു. വിവാഹചിത്രങ്ങള്‍ പുറത്തുപോകാതിരിക്കാനുള്ള മുന്‍കരുതല്‍. രജനികാന്തും ഷാരൂഖ് ഖാനും അജിത്ത് കുമാറും വിജയ്‌യും സൂര്യയുമടക്കം പ്രമുഖ താരങ്ങളുടെ വലിയ നിര വിവാഹത്തിന് എത്തിയിരുന്നു.




