തിരുവനന്തപുരം: നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താല്‍ നടത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഘടകം അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടത്തിയ റെയ്ഡില്‍ നിരവധിപ്പേര്‍ കസ്റ്റഡിയിലായതിന് പിന്നാലെ പ്രതിഷേധവുമായാണ് ഹര്‍ത്താല്‍. കേരളം ഉള്‍പ്പെടെ പതിനൊന്ന് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡില്‍ 106 പേരാണ് കസ്റ്റഡിയിലായത്.
നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താല്‍ നടത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ പറഞ്ഞു.
ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പോപ്പുലര്‍ ഫ്രണ്ടിനെ വേട്ടയാടുന്നത്. രാജ്യത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിയമപരമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ഇതുവരെ പോപ്പലര്‍ ഫ്രണ്ടിനെതിരെ ഒരു വിധ്വംസക പ്രവര്‍ത്തനവും തെളിയിക്കാന്‍ ആരോപണങ്ങള്‍ അഴിച്ചുവിടുന്ന സംഘപരിവാര്‍ ഭരണകൂടത്തിനും അന്വേഷണ ഏജന്‍സികള്‍ക്കും സാധിച്ചിട്ടില്ല. ഹിന്ദുത്വ ഫാസിസം രാജ്യത്തിന്റെ ഭരണഘടനയ്ക്കും മതേതരത്വത്തിനും ഉയര്‍ത്തുന്ന ഭീഷണിയെ ചൂണ്ടിക്കാണിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെ പകപോക്കല്‍ നടപടി എന്ന നിലയ്ക്കാണ് കേന്ദ്രം ഭരിക്കുന്ന സംഘപരിവാര്‍ ഭരണകൂടം അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു വേട്ടയാടല്‍ നടത്തുന്നത്.
ഇത്തരം വേട്ടകള്‍ കൊണ്ട് പോപുലര്‍ ഫ്രണ്ടിനെ രാജ്യത്തിന്റെ ഭരണഘടനയെയും മതേതരത്വത്തെയും തകര്‍ക്കാനൊരുങ്ങുന്ന ആര്‍എസ്എസിനെതിരെയുള്ള നിലപാടുകളില്‍ നിന്നും പ്രചാരണങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാമെന്നാണ് കരുതുന്നതെങ്കില്‍ അത് വ്യാമോഹം മാത്രമായിരിക്കുമെന്നും അബ്ദുല്‍ സത്താര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.




