ഗാന്ധിഭവനില്‍ കഴിയുന്ന നടന്‍ ടി പി മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നടി നവ്യ നായര്‍. പത്തനാപുരം ഗാന്ധിഭവനില്‍ വച്ചാണ് നടി മാധവനെ കണ്ടുമുട്ടിയത്. ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു നവ്യ. ഒത്തിരി സിനിമകളില്‍ തന്നോടൊപ്പം അഭിനയിച്ച വ്യക്തിയാണെന്നും ചേട്ടന്‍ താമസിക്കുന്നതെന്ന് ഇവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും നവ്യ പറഞ്ഞു.
ഇവിടെ വന്നപ്പോള്‍ ടി പി മാധവന്‍ ചേട്ടനെ കണ്ടു. കല്യാണരാമന്‍, ചതിക്കാത്ത ചന്തു എല്ലാം ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെ ആയിരുന്നുവെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. കണ്ടപ്പോള്‍ ഷോക്കായി പോയി. അദ്ദേഹത്തെ കണ്ടപ്പോള്‍ എന്റെ കണ്ണൊക്കെ നിറഞ്ഞു. നമ്മുടെയൊക്കെ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല എന്നു പറയുന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയി. നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെയാകുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് മനസിലായി എന്നും നവ്യ പറഞ്ഞു.
മാതാ പിതാ ഗുരു ദൈവം എന്നല്ലേ പഠിക്കുന്നത്. അങ്ങനെയല്ലാതെ ഇവിടെ ജീവിക്കുന്ന ഒരുപാട് അച്ഛന്‍- അമ്മമാര്‍ ഉണ്ട്. തന്റേതല്ലാത്ത കാരണത്താല്‍ അല്ലാതെ അനാഥരായവര്‍, അവര്‍ക്ക് കുട്ടികളുണ്ട്. അവര്‍ക്കായി എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് അറിയില്ല. അവര്‍ക്കായി ഒരു നൃത്തം അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഏതെങ്കിലും പരിപാടിക്ക് എന്റെ നൃത്തം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാം നവ്യ കൂട്ടിച്ചേര്‍ത്തു.
.




