കോഴിക്കോട്:മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനൊപ്പം വന്യജീവികളെ അവരുടെ ആവാസവ്യവസ്ഥയില്‍ നിലനിര്‍ത്തുന്നതിന് തുല്യപ്രാധാന്യം നല്‍കുന്ന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്നും ഇതിന്റെ ഭാഗമായി വന്യജീവികള്‍ക്കുള്ള സ്വാഭാവിക ആവാസവ്യവസ്ഥ വനത്തിനുള്ളില്‍ തന്നെ സൃഷ്ടിക്കാന്‍ മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണവുമായി ബന്ധപ്പെട്ട തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വന്യജീവികള്‍ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും വനത്തില്‍ തന്നെ ലഭിക്കുന്നതിന് സംവിധാനങ്ങള്‍ ഒരുക്കും. ഇതിനായി കുളങ്ങളും ജലാശയങ്ങളും നവീകരിക്കും. വന്യജീവികള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭ്യമാക്കുന്നതിന് ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കും. മനുഷ്യ – വന്യ ജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇതിനകം 1,584 ഹെക്ടര്‍ പ്രദേശത്തെ സ്വാഭാവിക വനങ്ങളാക്കി മാറ്റിക്കഴിഞ്ഞു. വിവിധ സര്‍ക്കിളുകളിലായി 5,031 ഹെക്ടര്‍ പ്രദേശത്ത് ഇതിനായുള്ള പ്രവൃത്തികള്‍ നടന്നുവരികയാണ്. വനാതിര്‍ത്തികളില്‍ സോളാര്‍ഫെന്‍സിങ് സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അക്കേഷ്യ, യൂകാലിപ്‌സ് തുടങ്ങിയ അധിനിവേശ സസ്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികളും ഇതോടൊപ്പം സ്വീകരിക്കും. ഇതിലൂടെ വന്യജീവികള്‍ ജനവാസ മേഖലകളിലേക്ക് വരുന്നത് വലിയതോതില്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ
884 പേരാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 594 പേര്‍ വനത്തിന് പുറത്ത് പാമ്പ്, കടന്നല്‍ തുടങ്ങിയവയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. അഞ്ച് വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി 79.14 കോടി രൂപ നഷ്ടപരിഹാരം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
വന്യജീവി ആക്രമണം ചെറുക്കുന്നതിനായി 3,255 സന്നദ്ധ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന 327 പ്രൈമറി റെസ്‌പോണ്‍സ് ടീമുകള്‍ക്ക് സംസ്ഥാനം രൂപം നല്‍കിയിട്ടുണ്ട്. ഇത്തരം പ്രാഥമിക പ്രതികരണ സംഘങ്ങള്‍ക്ക് രൂപം നല്‍കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വന്യജീവികള്‍ നാട്ടില്‍ ഇറങ്ങി ആക്രമണം നടത്തുന്നത് പ്രതിരോധിക്കാന്‍ ഒമ്പത് ആര്‍ ആര്‍ ടികള്‍ പുതുതായി രൂപീകരിച്ചു. ഇതോടെ കേരളത്തിലെ ആര്‍ ആര്‍ ടികളുടെ എണ്ണം 28 ആയി.
സംസ്ഥാനതലത്തില്‍ പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയില്‍ എത്തിക്കും.
വന്യജീവി സംഘര്‍ഷം തടയുന്നതിനും നടപടികള്‍ ലഘൂകരിക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാവുന്നില്ല. കൃഷിനാശം ഉണ്ടാക്കുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. അപകടകാരികളായ മൃഗങ്ങളെ സംസ്ഥാന സര്‍ക്കാരിന് വെടിവെച്ച് കൊല്ലാം എന്ന് പറയുന്നുണ്ടെങ്കിലും ഇതിന്റെ നടപടിക്രമങ്ങള്‍ അതിസങ്കീര്‍ണ്ണമാണ്. ഇത് ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാവുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ വനം-വന്യജീവി വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
വന്യജീവിആക്രമണം അനുഭവപ്പെടുന്ന 400 ഓളം പഞ്ചായത്തുകളാണ് കേരളത്തിലുള്ളത്. ഇതില്‍ മുപ്പതോളം പഞ്ചായത്തുകളില്‍ തീവ്രമായ വന്യജീവി അക്രമണമുണ്ട്. ഈ പശ്ചാത്തലത്തിലാണ് 45 ദിവസം നീളുന്ന ന മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായുള്ള തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുക. ആദ്യഘട്ടത്തില്‍ പഞ്ചായത്തുകളില്‍ വനം വകുപ്പിന്റെ ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിക്കും. ഇതുവഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെ തദ്ദേശീയമായി പരിഹരിക്കും. തുടര്‍ന്ന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രശ്‌നപരിഹാരത്തിന് പ്രത്യേക സംവിധാനങ്ങളൊരുക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുക.
കോഴിക്കോട് കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍ നടന്ന പരിപാടിയില്‍ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സര്‍പ്പ രണ്ടാംഘട്ട ഉദ്ഘാടനം, സര്‍പ്പ പാഠം കൈപ്പുസ്തകത്തിന്റെ പ്രകാശനം, വനാതിര്‍ത്തിയിലെ സ്മാര്‍ട്ട് ഫെന്‍സിംഗ് പദ്ധതി പ്രഖ്യാപനം തുടങ്ങിയവ മന്ത്രി നിര്‍വ്വഹിച്ചു.
ഇക്കോ ടൂറിസം മൊബൈല്‍ ആപ്പ് പ്രകാശനം, ആറളം ശലഭ ഗ്രാമത്തിന്റെ പ്രഖ്യാപനം, ഗോത്രഭേരി രണ്ടാംഘട്ട ഉദ്ഘാടനം, ‘അരണ്യം, മാസിക പ്രകാശനം എന്നിവ പട്ടികജാതി- പട്ടികവര്‍ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പു മന്ത്രി ഒ ആര്‍ കേളു നിര്‍വ്വഹിച്ചു.
മേയര്‍ ബീന ഫിലിപ്പ്, എം എല്‍ എമാരായ അഹമ്മദ് ദേവര്‍കോവില്‍, ടി പി രാമകൃഷ്ണന്‍, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, കെ എം സച്ചിന്‍ ദേവ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പ്രമോദ് ജി കൃഷ്ണന്‍, വനം – വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മിന്‍ഹാജ് ആലം, വനംവകുപ്പ് മേധാവി രാജേഷ് രവീന്ദ്രന്‍, നോര്‍ത്തോണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി എന്‍ അഞ്ജന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുതിര്‍ന്ന സര്‍പ്പ വളണ്ടിയര്‍ വിദ്യാ രാജുവിനെ ആദരിച്ചു.
മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘുകരണ തീവ്രയജ്ഞ പരിപാടിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ധാരണാപത്രങ്ങള്‍ കെ.എഫ്.ആര്‍.ഐ, സ്‌പൈസസ് ബോര്‍ഡ്, കെ.എഫ്.ഡി.സി, ഐ.എഫ്.ഒ.സി.സി, മമ്പാട് കോളേജ് കൊച്ചിന്‍ കോളേജ് എന്നീ സ്ഥാപനങ്ങള്‍ക്ക് കൈമാറി.




