തിരുവനന്തപുരം:ബാംഗ്‌ളൂരിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി (എന്‍എല്‍എസ്‌ഐയു) ജൂലൈയില്‍ പ്രസിദ്ധീകരിച്ച ‘ദി റൈസ് ഓഫ് ഫോസ് ഇന്‍ ഇന്ത്യ’ എന്ന റിപ്പോര്‍ട്ടില്‍ രാജ്യത്ത് ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്വെയര്‍ (ഫോസ്) നടപ്പാക്കുന്നതില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഒരു പ്രധാന മാതൃകയായി ഇടംപിടിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗത്തിന്റെ വിജയ ഗാഥകള്‍ വിവരിക്കുന്ന എന്‍എല്‍എസ്ഐയു പഠന റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നും കൈറ്റിനു പുറമെ ഇടം പിടിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) മാത്രമാണ്.
2001-ല്‍ ഐടി@സ്‌കൂള്‍ പദ്ധതിയായി ആരംഭിച്ച കൈറ്റ് 2007-ല്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറിയതും 16,000-ത്തിലധികം പൊതുവിദ്യാലയങ്ങളില്‍ അന്‍പതിലധികം സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനുകള്‍ കൈറ്റ് ഗ്‌നു ലിനക്‌സ് ഓപ്പറേറ്റിംഗ് സ്യൂട്ടിന്റെ ഭാഗമായി വിന്യസിക്കുന്നതുമെല്ലാം ഒരു തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കരുത്തുറ്റതും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ സാങ്കേതിക അടിത്തറ നല്‍കി എന്ന് റിപ്പോര്‍ട്ട് പറയുന്നു.
വിദ്യാഭ്യാസ മേഖലയില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതിലൂടെ കേരളത്തിന് 3000 കോടി രൂപ ലഭിക്കാനായതും, സ്വതന്ത്ര സോഫ്റ്റ്വെയര്‍ നല്‍കുന്ന നല്‍കുന്ന അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയും പരാമര്‍ശിക്കുന്നതോടൊപ്പം ഐസിടി വിദ്യാഭ്യാസത്തില്‍ തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തോത് സ്വാതന്ത്ര സോഫ്റ്റ്വെയര്‍ അല്ലായിരുന്നെങ്കില്‍ സാധ്യമാകുമായിരുന്നില്ല എന്ന് കൈറ്റ് സിഇഒ അന്‍വര്‍ സാദത്തിന്റെ ഉദ്ധരിണിയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .
നിയന്ത്രണങ്ങളില്ലാത്ത ഉപയോഗവും പാഠ്യപദ്ധതിക്കനുസരിച്ച് മാറ്റം വരുത്താനുള്ള കഴിവും ഉള്ളതിനാല്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ശാക്തീകരിക്കുകയും കേരളത്തിന്റെ സ്ഥാനം ഒരു വിജ്ഞാന സമൂഹമെന്ന നിലയില്‍ ഉറപ്പിക്കുകയും ചെയ്തു എന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. കൈറ്റിന്റെ വിജയം കേരളത്തിന് മാത്രമല്ല ഒരു ദേശീയ മാതൃകയായും പ്രവര്‍ത്തിക്കുന്നു. ലിറ്റില്‍ കൈറ്റ്‌സ് പ്രോഗ്രാം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള കൈറ്റിന്റെ ശ്രമങ്ങളെ റിപ്പോര്‍ട്ട് എടുത്തുപറയുന്നു. ഇത് വിശാലമായ അര്‍ത്ഥത്തില്‍ പൊതുമേഖലയില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സ്വീകരിക്കുന്നതിനുള്ള ഒരു മാതൃകയായി കാണിക്കുന്നുവെന്നും ഈ വിജയഗാഥ ഫോസിന് എങ്ങനെ വലിയ തോതിലുള്ളതും, സുസ്ഥിരവും, വിതരണക്കാരെ ആശ്രയിക്കാത്തതുമായ ഡിജിറ്റല്‍ പരിവര്‍ത്തനം സാധ്യമാക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.
സോഫ്റ്റ്വെയര്‍ സ്വാതന്ത്ര്യ ദിനം
എല്ലാ വര്‍ഷവും സെപ്റ്റംബറിലെ മൂന്നാമത്തെ ശനിയാഴ്ച ആഘോഷിക്കുന്ന ‘സോഫ്റ്റ്വെയര്‍ ഫ്രീഡം ഡേ’ സ്വതന്ത്രവും തുറന്നതുമായ സോഫ്റ്റ്വെയറിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത്തിനുള്ള ഒരു ആഗോള ആഘോഷമാണ്. കൈറ്റിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 20 എല്ലാ ജില്ലാ ഓഫിസുകള്‍ കേന്ദ്രീകരിച്ചും സോഫ്റ്റ്വെയര്‍ ഫ്രീഡം ഡേ ആഘോഷിക്കുന്നുണ്ട്. ജില്ലാ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച്ച 2 മണിയ്ക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പൂജപ്പുര കൈറ്റ് സ്റ്റുഡിയോയില്‍ നിന്നും നിര്‍വഹിക്കും. എല്ലാ ജില്ലകളിലും കൈറ്റിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുന്ന ഇന്‍സ്റ്റാള്‍ ഫെസ്റ്റ് ഉള്‍പ്പടെ വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കും
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സെപ്റ്റംബര്‍ 22 ന് (തിങ്കള്‍) പ്രത്യേക അസംബ്ലി ചേര്‍ന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രതിജ്ഞ എടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനു പുറമെ എല്ലാ ലിറ്റില്‍ കൈറ്റ്‌സ് ക്ലബുകളുടെ നേതൃത്വത്തിലും സെപ്റ്റംബര്‍ 27 വരെ രക്ഷിതാക്കള്‍ക്കുള്ള സൈബര്‍ ബോധവല്‍ക്കരണം, കുട്ടികള്‍ക്കുള്ള റോബോട്ടിക് പരിശീലനം, ഇന്‍സ്റ്റാള്‍ ഫെസ്റ്റ്, പോസ്റ്റര്‍ – റീല്‍ നിര്‍മാണം എന്നിങ്ങനെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആശയവുമായി ബന്ധപ്പെട്ട
വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കൈറ്റ് സിഇഒ
കെ അന്‍വര്‍ സാദത്ത് അറിയിച്ചു.




