വെന്നിയൂര്‍ : ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിന്റെ ഭാഗമായി വെന്നിയൂര്‍ മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാന്‍ ഉള്‍പെടുന്ന സ്ഥലം ഹൈവേ അക്വിസിഷന്‍ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ വെന്നിയൂര്‍ മഹല്ല് ഖബര്‍സ്ഥാനില്‍ ഇനിയും മാറ്റാതെ അവശേഷിക്കുന്ന നൂറുകണക്കിന് ഖബറുകള്‍ കേരള മുസ്ലിം ജമാഅത്ത് , എസ് വൈ എസ്, എസ് എസ് എഫ് വെന്നിയൂര്‍ ഘടകത്തിന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ തുറന്ന് പരിശോധിച്ച് ശേഷിപ്പുകള്‍ മാറ്റി മറവ് ചെയ്യുന്നു.
പുരാതനമായ വെന്നിയൂര്‍ മഹല്ല് ഖബര്‍സ്ഥാനിലെ ഏതാനും ഖബറുകള്‍ അവകാശികള്‍ അവരുടെ സ്വന്തം ചിലവില്‍ മാറ്റി സ്ഥാപിച്ചിരുന്നു. ആയതിന് ശേഷവും നൂറ്റാണ്ട് പഴക്കമുള്ള പല ഖബറുകളും ഇത് വരെ മാറ്റാതെ അവശേഷിക്കുന്നു. ഉത്തരവാദിത്വപ്പെട്ട അവകാശികള്‍ ഇല്ലാത്തതിനാലോ ഖബര്‍ മാറ്റി സ്ഥാപിക്കാനുള്ള സാമ്പത്തിക ബാധ്യത വഹിക്കാന്‍ കഴിയാത്തതിനാലോ ഇനിയും മാറ്റാതെ കിടക്കുന്ന ഖബറുകള്‍ മാറ്റി മറവ് ചെയ്യുന്നതിന് കേരള മുസ്ലിം ജമാഅത്ത് തയ്യാറെടുക്കുന്നു.
ആയിരത്തി എണ്ണൂറിലധികം വീടുകള്‍ ഉള്‍കൊള്ളുന്ന വെന്നിയൂര്‍ മഹല്ല് ജുമാ മസ്ജിദിന്റെ ഖബറിസ്ഥാന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്.
വര്‍ഷങ്ങള്‍ പഴക്കമുള്ള ഖബറുകള്‍ തുറന്ന് പരിശോധിച്ച് ശേഷിപ്പുകള്‍ ഉള്ളവ മാറ്റി മറവ് ചെയ്യാനുള്ള നടപടികള്‍ക്കാണ് കേരള മുസ്ലിം ജമാഅത്ത് നേതൃത്വം നല്‍കുന്നത്. പ്രസ്തുത ഖബറുകള്‍ മാറ്റി മറവ് ചെയ്യുന്നതിനാവശ്യമായ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ കേരള മുസ്ലിം ജമാഅത്ത് തയ്യാറാണെന്ന് ഭാരവാഹികള്‍ മഹല്ല് അതികൃതരെ അറിയിച്ചിരുന്നു.
സെപ്തംബര്‍ 7 ബുധനാഴ്ച രാവിലെ 6.30 ന് ഖബറുകള്‍ മാറ്റി മറവ് ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിക്കും. ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് തെങ്ങിലകത്ത് മൂസ ഹാജി അധ്യക്ഷത വഹിച്ചു. കെ വി മുഹമ്മദ് ഹസന്‍ സഖാഫി, എന്‍ എം സൈനുദ്ദീന്‍ സഖാഫി , പി. കോയ മാസ്റ്റര്‍, എന്‍ എം അബ്ദുറഹിമാന്‍, ചോലയില്‍ ബാപ്പു ഹാജി, മണിപറമ്പത്ത് അബ്ദുസമദ്, നന്നമ്പ്ര കുഞ്ഞിമൊയ്തീന്‍, ചോലയില്‍ ഫൈസല്‍, നാസര്‍ മാട്ടില്‍, മൂന്നാം കണ്ടത്തില്‍ ഹംസ ഹാജി , ഉവൈസ് നൂറാനി, ഇഖ്ബാല്‍ ലത്തീഫി,അഷ്‌റഫ് യു കെ തുടങ്ങിയവര്‍ സംബന്ധിച്ചു.



