
-മലയോര ഹൈവെയില്‍ പണി പൂര്‍ത്തിയായ കോഴിക്കോട് ജില്ലയിലെ ആദ്യത്തെ റീച്ച് കോടഞ്ചേരി-കക്കാടംപൊയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

-34.76 കി. മി റോഡിന് ചെലവിട്ടത് 221.2 കോടി
-7 മീറ്റര്‍ വീതിയില്‍ കാര്യേജ് വേ, ഇരുവശങ്ങളിലും 75 സെ. മീറ്റര്‍ വീതിയില്‍ ഇന്റര്‍ലോക്ക് പാകിയത്, ഓവുചാലും യൂട്ടിലിട്ടി സ്പേസും ഉള്‍പ്പെടെ ആകെ 12 മീറ്റര്‍ വീതി
-മലയോര ഹൈവേയുടെ തുടര്‍ച്ചയായ മലപുറം-കോടഞ്ചേരി റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിച്ചു
സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് ആറ് വരിയായി വികസിച്ച ദേശീയ പാത, മലയോര ഹൈവെ, തീരദേശ ഹൈവെ, കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത, ഇത്രയും വലിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതോടെ കേരളത്തിന്റെ ചിത്രം വലിയ രീതിയില്‍ മാറുകയാണെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
‘വ്യവസായ വളര്‍ച്ചയിലും നിക്ഷേപ സൗഹൃദാന്തരീക്ഷത്തിലും കേരളത്തെ ഒന്നാമതെത്തിച്ചതില്‍ റോഡുകളുടെ വികസനം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്,’
കോഴിക്കോട് ജില്ലയില്‍ മലയോര ഹൈവേയുടെ പണി പൂര്‍ത്തിയായ ആദ്യ റീച്ചായ കോടഞ്ചേരി- കക്കാടംപൊയില്‍ പാത ഉദ്ഘാടനവും മലപുറം-കോടഞ്ചേരി റീച്ചിന്റെ നിര്‍മാണ ഉദ്ഘാടനവും നിര്‍വഹിച്ച് കൂടരഞ്ഞിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോകത്തുതന്നെ സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തിലും വ്യവസായവികസനത്തിലും കേരളം വലിയ നേട്ടമുണ്ടാക്കിക്കഴിഞ്ഞു. പണ്ടൊക്കെ കേരളത്തില്‍ നിക്ഷേപം നടത്താന്‍ വരുന്നവര്‍ക്ക് അതിനായി കണ്ടെത്തുന്ന സ്ഥലത്ത് സമയത്ത് എത്തിച്ചേരാനാകുമായിരുന്നില്ല, അതോടെ അവര്‍ നിക്ഷേപം വേണ്ടെന്നു വച്ച് മറ്റു സംസ്ഥാനങ്ങളിലേക്കു പോകും. അതിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
റോഡു വികസനത്തിലൂടെ നാടിന്റെ മൊത്തം വികസനമാണ് നടക്കുന്നത്. ഇത് ഇനിയും കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരും.
ആറുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാതയ്ക്കു പുറമെയാണ് മലയോര, തീരദേശപാതകള്‍ കൂടി യാഥാര്‍ഥ്യമാകുന്നത്. ഇതിനു രണ്ടിനും മാത്രം 10000 കോടിയോളം രൂപ ചെലവുണ്ട്. അത് കിഫ്ബി വഴി സംസ്ഥാന സര്‍ക്കാരാണ് ചെലവഴിക്കുന്നത്. അതോടൊപ്പം കോവളം-ബേക്കല്‍ ജലപാതകൂടി വളരെ വേഗം പൂര്‍ത്തിയായിവരികയാണ്. തിരുവനന്തപുരം മുതല്‍ ചേറ്റുവ വരെയുള്ള ജലപാത ഏതാനും മാസങ്ങളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. വടകരയ്ക്ക് വടക്കോട്ട് ചില പുതിയ കനാലുകള്‍കൂടി വരേണ്ടതുണ്ട്. അതും താമസിയാതെ സാധ്യമാകും. ജലപാത യാത്രക്കാര്‍ക്കുമാത്രമല്ല ചരക്കുഗതാഗതത്തിനും ഉപയുക്തമായിരിക്കും. അങ്ങനെ ഗതാഗതസൗകര്യത്തില്‍ കേരളത്തിന്റ ചിത്രം വലിയ രീതിയില്‍ മാറുകയാണ്.
2016 മുതലുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനത്തിലൂടെയും ചട്ടങ്ങളിലും നയങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയും വകുപ്പുകളെ ഏകോപിപ്പിച്ചുമൊക്കെയാണ് ഇത് സാധ്യമാക്കിയതെന്നും ഈ മാറ്റങ്ങള്‍ കേരളത്തെ ഇനിയും വലിയതോതില്‍ മുന്നോട്ടു നയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നടക്കാന്‍ പോകില്ലെന്ന് പലരും പ്രചരിപ്പിച്ച പദ്ധതികളാണ് കണ്‍മുന്നില്‍ നടപ്പായിക്കൊണ്ടിരിക്കുന്നതെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും മലയോരങ്ങളെ ബന്ധിപ്പിച്ച് ഇത്തരമൊരു പാതയില്ല. കാര്‍ഷിക- വിനോദസഞ്ചാര മേഖലയ്ക്ക് ഇതിലൂടെ വലിയ കുതിപ്പാണ് ഉണ്ടാകാന്‍ പോകുന്നത്. വികസനം നടപ്പാക്കാന്‍ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്നും അതാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. റീച്ചിലെ അലൈന്‍മെന്റില്‍ നിന്ന് ഒഴിവായിപ്പോയ മേലേകൂമ്പാറ-ആനകല്ലുമ്പാറ-അകംപുഴ-താഴെകക്കാട് ഭാഗത്ത് കണക്ടിങ് റോഡ് നിര്‍മിക്കാന്‍ 26.25 കോടി രൂപ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജുമുന്നീസ ഷെരീഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സണ്‍, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഹെലന്‍ ഫ്രാന്‍സിസ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗം ജോസ്‌മോന്‍ മാവറ, മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ്, അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ വി കുഞ്ഞാലി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് ഡയറക്ടര്‍ എം അശോക് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ലിന്റോ ജോസഫ് എംഎല്‍എ സ്വാഗതവും കേരള റോഡ് ഫണ്ട് ബോര്‍ഡ് ടീം ലീഡര്‍ എസ് ദീപു നന്ദിയും പറഞ്ഞു.
34.76 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോടഞ്ചേരി- കക്കാടംപൊയില്‍ റീച്ച് കോടഞ്ചേരിയില്‍ നിന്ന് തുടങ്ങി നെല്ലിപ്പൊയില്‍-പുല്ലൂരാംപാറ-പൊന്നാങ്കയം-പുന്നക്കല്‍-കൂടരഞ്ഞി-കൂമ്പാറ-താഴെ കക്കാട്-കക്കാടംപൊയില്‍ വഴി ജില്ലാ അതിര്‍ത്തിയില്‍ എത്തിച്ചേരും. കൂമ്പാറ, വീട്ടിപ്പാറ പാലങ്ങള്‍, 84 കള്‍വെര്‍ട്ടുകള്‍, 42 കി. മി ഓവുചാല്‍, ബസ് സ്റ്റോപ്പ്, പ്രധാന ടൗണുകളില്‍ ഇന്റര്‍ലോക്ക് പാകിയ നടപ്പാത, തെരുവ് വിളക്ക് എന്നിവ റീച്ചില്‍ നിര്‍മിക്കുകയും ചെയ്തു.
കേരള റോഡ് ഫണ്ട് ബോര്‍ഡാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആണ് റീച്ചിന്റെ നിര്‍മാണം കരാര്‍ എടുത്ത് പൂര്‍ത്തിയാക്കിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



