ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിന്‍ ജോസഫിന്റെ തിരക്കഥയില്‍ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദര്‍ശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദര്‍ശനം ഭാഷാഭേദമില്ലാതെ ഏവര്‍ക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്‌സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തില്‍ വര്‍ഗീസ് പീറ്റര്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്‌ട്രേലിയയില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോള്‍ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയര്‍ ഗ്രാഫ് വളര്‍ച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്‌നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തില്‍ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരന്‍, ആര്യ സലീം, പ്രിയംവദ കൃഷ്ണന്‍ എന്നിവര്‍ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യന്‍ സിനിമ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്‌സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകര്‍ഷകമാക്കിയത്. അബിന്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീര്‍ക്കുകയായിരുന്നു ജേക്‌സ് ബിജോയ്. ഛായാഗ്രഹണം നിര്‍വഹിച്ച വിജയ്, സംഗീതം നല്‍കിയ ജേക്‌സ് ബിജോയ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ആര്‍ട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.



