ബാലരാമപുരത്ത് രണ്ടുവയസുകാരിയുടെ മരണത്തില്‍ അടിമുടി ദുരൂഹത;ബന്ധുക്കളുടെ മൊഴിയില്‍ വൈരുധ്യം

HIGHLIGHTS : Mystery surrounds death of two-year-old girl in Balaramapuram; conflicting statements from relatives

തിരുവനന്തപുരം:ബാലരാമപുരത്ത് കാണാതായ രണ്ടു വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാതാകുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മയുടെ സഹോദരന്‍, മുത്തശ്ശി എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ നാലു പേരും നല്‍കിയിരിക്കുന്ന മൊഴികളില്‍ വൈരുധ്യം നിലനില്‍ക്കുന്നുണ്ട്. പുലര്‍ച്ചെ അഞ്ചരയോടെയാണ് പൊലീസ് വിവരം അറിയുന്നത്. അപ്പോള്‍ത്തന്നെ സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങിയിരുന്നു. അഞ്ച് മണിയോടെ വീട്ടില്‍ തീപിടിത്തം ഉണ്ടായിട്ടുണ്ട്. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ബന്ധുക്കള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം. വീട്ടിലുള്ള ഒരാള്‍ മാനസികാസ്വാസ്ഥ്യം നേരിടുന്ന ആളാണെന്ന വിവരവുമുണ്ട്.

sameeksha-malabarinews

കുട്ടിയുടെ അമ്മാവന്‍ കിടന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. മുറിയില്‍ മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നതായി കുട്ടിയെ കാണാനില്ലെന്ന സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എം വിന്‍സെന്റ് എംഎല്‍എ പറഞ്ഞു. ഇതിനുശേഷമാണ് കുട്ടിയെ കാണുന്നില്ലെന്ന് മനസിലായതെന്നാണ് വീട്ടുകാര്‍ പറഞ്ഞതെന്നും എംഎല്‍എ പറഞ്ഞു.

അമ്മയുടെ സഹോദരന്റെ മുറിയിലായിരുന്നു കുഞ്ഞ് ഉറങ്ങാന്‍ കിടന്നതെന്നും പുലര്‍ച്ചെ അഞ്ചരയ്ക്ക് ബാത്‌റൂമില്‍ പോകാന്‍ എഴുന്നേറ്റ സമയത്ത് കുഞ്ഞിന്റെ കരച്ചില്‍ കേട്ടതായും അമ്മ പറയുന്നുണ്ട്. കുഞ്ഞ് ഒരിക്കലും സ്വന്തം നിലയില്‍ പോകാന്‍ സാധിക്കില്ലെന്നും ഒറ്റയ്ക്ക് പുറത്തേക്ക് ഇറങ്ങില്ലെന്നും അമ്മ പറഞ്ഞു. ചുറ്റുമതിലുള്ള കിണറ്റില്‍ കുട്ടി തനിയേ ഇറങ്ങി വീഴാനുള്ള സാധ്യതയുമില്ല. അതുകൊണ്ടുതന്നെ സംഭവത്തില്‍ ഏറെ ദുരൂഹത നിലനില്‍ക്കുന്നുണ്ട്.പോലീസ് അന്വേഷണം ഉര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

വീട്ടിലെ ഷെഡില്‍ കുരുക്കിട്ട നിലയില്‍ പൊലീസ് മൂന്ന് കയറുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൂന്നും ബലമില്ലാത്തവയാണെന്നും ജീവനൊടുക്കാന്‍ പോന്നവയല്ലെന്നും പോലീസ് പറയുന്നു. താഴെ ഒരു പ്ലാസ്റ്റിക് കസേരയും കണ്ടെത്തിയിട്ടുണ്ട്. ഒന്നുകില്‍ പൊലീസ് അന്വേഷണം വഴിതെറ്റിക്കാനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഒരു കഥ മെനയാനോ ഉള്ള കാട്ടിക്കൂട്ടലുകളാണ് ആ ഷെഡില്‍ കണ്ടതെന്ന് പോലീസ് വ്യക്തമാക്കുന്നു. കുട്ടിയുടെ അമ്മയും അച്ഛനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

അതേസമയം കുട്ടിയുടെ മുത്തശ്ശി നല്‍കിയ വിവരം അനുസരിച്ച് അമ്മ ശ്രീതുവിനൊപ്പമാണ് കുഞ്ഞ് ഉറങ്ങിയതെന്നും രാവിലെ ബാത്‌റൂമില്‍ പോകാന്‍ ശ്രീതു എഴുന്നേറ്റപ്പോള്‍ കുഞ്ഞ് കരയുന്നതായി മുത്തശ്ശിയോടെ പറഞ്ഞതായും പറയുന്നു. ഇന്ന് മുത്തശ്ശന്റെ മരണാനന്തര ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്നതായും വിവരമുണ്ട്.

30 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയുമായി ഈ കുടുംബം രണ്ട് ദിവസം മുന്‍പ് ബാലരാമപുരം പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയതായും വിവരമുണ്ട്. എന്നാല്‍ പരസ്പര വിരുദ്ധമായ മൊളികള്‍ നല്‍കിയതിനാല്‍ കേസെടുക്കാതെ, പരാതിക്ക് വിശ്വാസ്യത ഇല്ലെന്ന് മനസിലാക്കി തിരിച്ചയയ്ക്കുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!