മുത്തലാഖ് വിവാദം; വിട്ടുനിന്നതിന് കുഞ്ഞാലിക്കുട്ടിയോട് ലീഗ് വിശദീകരണം തേടി

മലപ്പുറം: ലോക്‌സഭയില്‍ മുത്തലാഖ് നിരോധനബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് പി കെ കുഞ്ഞാലിക്കുട്ടി എംപിയോട് നേതൃത്വം വിശദീകരണം തേടി. ലീഗ് ദേശീയകാര്യ ഉപദേശക സമിതി ചെയര്‍മാനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് വിശദീകരണം തേടിയത്.

മുത്തലാഖ് പോലെ നിര്‍ണായകമായ ബില്ലിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന സാഹചര്യം വിശദീകരിക്കാനാണ് പി കെ കുഞ്ഞാലിക്കുട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയിലെ ഉന്നത നേതാക്കളും താഴെ തട്ടിലെ അംഗങ്ങളും ഒരുപോലെ പ്രശ്‌നത്തില്‍ വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ലീഗിന്റെ പല സംസ്ഥാന ഭാരവാഹികളും ഇക്കാര്യത്തിലുള്ള ആശങ്ക പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു.