താനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു

താനൂര്‍: അഞ്ചുടിയില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. അഞ്ചുടി സ്വദേശി കുപ്പന്റെപുരക്കല്‍ ഇസ്ഹാഖ് എന്ന റഫീഖാണ്(35) കൊല്ലപ്പെട്ടത്. ഇസ്ഹാഖ് അഞ്ചുടി ശാഖ മുസ്ലിംയൂത്ത് ലീഗ് മുന്‍ വൈസ് പ്രസിഡന്റായിരുന്നു. വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. അഞ്ചുടി മദ്രസയ്ക്ക് സമീപം വെച്ചാണ് സംഭവം നടന്നത്.

ഓട്ടോറിക്ഷയില്‍ എത്തിയ ഒരു സംഘം ഇസ്ഹാഖിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴെക്കും ആക്രമി സംഘം ഓടി രക്ഷപ്പെട്ടിരുന്നു. ഇസ്ഹാഖിനെ തിരൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പിതാവ് പരേതനായ സൈതലവി. മാതാവ്: കുഞ്ഞിമോള്‍. ഭാര്യ: ആരിഫ. സഹോദരങ്ങള്‍: നൗഫല്‍, സഹറാബി, സുമയ്യ.

സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് മുസ്ലിംലീഗ് ആരോപിച്ചു. സമാധാനഭംഗമുണ്ടാക്കാനായി ബോധപൂര്‍വമായ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ലീഗ് ജില്ല പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

അതെസമയം സംഭവത്തില്‍ അപലപിക്കുന്നതായും കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top